തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരചടങ്ങില്‍ നടന് മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഭീമ ഹര്‍ജി. നടന് പ്രകാശ് രാജ്, എന്‍എസ് മാധവന് ഉള്‍പ്പടെ 150ഓളം ചലച്ചിത്ര പ്രവര്‍ത്തകരാണ് ഹര്‍ജിയില്‍ ഒപ്പിട്ടിട്ടുള്ളത്. പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതിനെതിരെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെയാണ് ആദ്യം രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്കു തിരിച്ചെടുത്തതിലെ പ്രതിഷേധമാണു മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യത്തിനു പിന്നില്‍ തെളിയുന്നത്. ദിലീപിനെ തിരിച്ചെടുത്തതിനെ അനുകൂലിക്കുന്ന മോഹന്‍ലാലിനെ ഇടതു സര്‍ക്കാര്‍ മുഖ്യാതിഥിയാക്കുന്നതു സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു ചോദ്യം ചെയ്തിരുന്നു.
ചടങ്ങിന്റെ ഗ്ലാമര്‍ കൂട്ടാന്‍ സൂപ്പര്‍താരം വേണമെന്ന നിലപാടു ശരിയല്ല. അങ്ങനെയെങ്കില്‍ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്നും ഡോ. ബിജു വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. പുരസ്കാരദാനച്ചടങ്ങില്‍ അവാര്‍ഡ് നേടിയവര്‍ക്കും അതു നല്കുന്ന മുഖ്യമന്ത്രിക്കുമായിരിക്കണം പ്രാധാന്യമെന്ന് ചലച്ചിത്ര നിരൂപകന് വികെ ജോസഫ് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങ് കൊല്ലത്തു സംഘടിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീടാണ് വേദി തിരുവനന്തപുരത്തേക്കു മാറ്റിയത്. അടുത്തമാസം എട്ടിന് നിശാഗന്ധിയിലാണ് അവാര്‍ഡ് നിശ.