കോഴിക്കോട്: പേരാമ്പ്ര മേപ്പയൂര്‍ സ്വദേശി മുജീബിന്റെ മരണകാരണം നിപ്പയാണെന്ന പ്രചരണങ്ങള്‍ തള്ളി പരിശോധനാ റിപ്പോര്‍ട്ട്. പനി സ്ഥിരീകരിച്ചതോടെ വ്യാപകമായി നിപ്പാ വീണ്ടും എത്തി എന്ന പ്രചാരണങ്ങളാണ് നടത്തി വന്നത്. ഈ സാഹചര്യത്തിലാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധന നടത്തിയത്.
പരിശോധനാ റിപ്പോര്‍ട്ടില്‍ നിപ്പായല്ല, മറിച്ച് എച്ച്1എന്‍1 ആണ് കാരണമെന്ന് കണ്ടെത്തുകയായിരുന്നു. മുജീബിന്റെ ഭാര്യയുള്‍പ്പെടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ്പായാണെന്ന പ്രചാരണം വന്നതിനെ തുടര്‍ന്ന് മൃതദേഹം സംസ്കരിക്കുന്നതിലടക്കം ആരോഗ്യവകുപ്പ് നിരീക്ഷണമേര്‍പ്പെടുത്തിയിരുന്നു.
പിന്നീട് ഭാര്യയുടേതുള്‍പ്പെടെ സ്രവം ശേഖരിച്ച് മണിപ്പാലിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന വിശദീകരണവുമായി കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ ശനിയാഴ്ച രംഗത്തുവന്നിരുന്നു.