തിരുവനന്തപുരം: ഒരുപറ്റം തൊഴിലന്വേഷകരുടെ ഏറ്റവും വലിയ സ്വപ്നമാണ് ഗവണ്മെന്റ് ജോലി. ലക്ഷക്കണക്കിന് ആള്‍ക്കാരാണ് ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് പബ്ലിക്ക് സര്‍വീസ് കമ്മീഷന് നടത്തുന്ന പരീക്ഷകള്‍ക്കായി തയ്യാറെടുപ്പ് നടത്തുന്നത്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളോട് നീതി പുലര്‍ത്താന്‍ പലപ്പോഴും പിഎസ്സി തയ്യാറാവുന്നില്ല. ലിസ്റ്റുകള്‍ പലതും അസാധുവാക്കിയും, നിലവാരമില്ലാത്ത ചോദ്യങ്ങളിട്ടും പിഎസ്സിപലപ്പോഴും തൊഴില്‍ അന്വേഷകരെ വലയ്ക്കുന്നു.
ചോദ്യങ്ങളില്‍ ഭൂരിഭാഗവും ഇന്റര്‍നെറ്റിലെ ചില വെബ്സൈറ്റുകളില്‍ നിന്ന് പിഎസ്സി അതുപോലെ പകര്‍ത്തുന്നത് പരീക്ഷയുടെ മൂല്യം തകര്‍ക്കുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ മാസം 13-ാം തീയ്യതി നടന്ന ലക്ചര്‍ ജേര്‍ണലിസം പിഎസ്സി പരീക്ഷ (കാറ്റഗറി നമ്പര്‍ 562/2017). വളരെ ഗൗരവകരമായ പിശകുകളാണ് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇത് സംബന്ധിച്ച സ്ക്രീന്‍ഷോട്ടുകള്‍ ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടായ്മ തന്നെ കണ്ടെത്തിയിട്ടുണ്ട്. Profsquiz.com, quizlet.com തൂടങ്ങിയ വെബ്സൈറ്റുകളില്‍ നിന്നുമാണ് പിഎസ്സി ഈ പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ പകര്‍ത്തിയത്. പരീക്ഷ ഒട്ടും നിലവാരം പുലര്‍ത്തിയില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പരീക്ഷയിലെ 24,25,27,28,29,30,31,33,34,35,36,37 എന്നീ ചോദ്യങ്ങളും, 38 മുതല്‍ 60 വരെ ചോദ്യങ്ങളും, 92 മുതല്‍ 100 വരെയുള്ള ചോദ്യങ്ങളുമാണ് വെബ്സൈറ്റുകളില്‍ നിന്നും പകര്ത്തിയിരിക്കുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ കണ്ടെത്തിയിരിക്കുന്നത്. 7,21,22,28,44,51,61 തുടങ്ങിയ ചോദ്യങ്ങളില്‍ പിശകുള്ളതായും ഇവര്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പിഎസ്സി ചോദ്യപേപ്പര്‍ തയ്യാറാക്കല്‍ നടത്തുന്നത് ഗ്രൂപ്പ് ഡിസ്കഷനുകളുടെ അടിസ്ഥാനത്തില്‍ പിഎസ്സി പാനലിലുള്ള നാലോ അഞ്ചോപേര് ചേര്‍ന്നാണ്. ചോദ്യകര്‍ത്താക്കള്‍ ആരാണെന്ന് പാനലിന് പുറത്ത് ആരും അറിയില്ല എന്നാണ് പിഎസ്സി നല്കുന്ന ഔദ്യോഗിക വിശദീകരണം. ലെക്ചര്‍ ഇന്‍ ജേര്‍ണലിസം പരീക്ഷ സംബന്ധിച്ച വിശദമായി പരാതി ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്സി കമ്മീഷണര്‍ക്ക് സമര്പ്പിച്ചുണ്ട്. കോപ്പി ചെയ്ത ചോദ്യങ്ങളുടെ വിവരങ്ങളും, പിശകുകളുള്ള ചോദ്യങ്ങളുടെ വിവരങ്ങളും ഉള്‍പ്പെടുത്തി കൊണ്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയിരിക്കുന്ന പരാതി.