കോഴിക്കോട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച
പെണ്‍കുട്ടി മരിച്ചു. ബംഗാള്‍ സ്വദേശിനിയായ സെമീന അറഫുള്ളയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു അന്ത്യം.സംഭവത്തെതുടര്‍ന്ന് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി സാദത്ത് ഹുസൈനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തിരൂര്‍ തൃക്കണ്ടിയൂരില്‍ വാടക കെട്ടിടത്തില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയോട് പ്രതിയായ സാദത്ത് ഹുസൈന് നിരവധി തവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പ്രകോപിതനായ സാദത്ത് വീടിന്റെ അടുക്കളയില്‍ വെച്ച് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സെമീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.