തിരുവനന്തപുരം: പ്രളയാനന്തരം തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രാമുഖ്യം നല്കി ഇത്തവണ ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിക്കും. ഇതിനായി ഒരു ലക്ഷം കര്‍മ്മസേനയെ ഒരുക്കും. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ ഒക്ടോബര്‍ രണ്ടുമുതല്‍ എട്ടുവരെ പ്രളയബാധിത പ്രദേശങ്ങളിലുള്‍പ്പെടെ വിന്യസിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. രണ്ടിന് രാവിലെ എട്ടിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. പ്രകൃതി പുനഃസ്ഥാപനത്തിനും പരിപാടിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കും.
ചെലവു ചുരുക്കി ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് പരിപാടികള്‍ നടത്തുക. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഹരിതകേരളം മിഷന്, കുടുംബശ്രീ, ശുചിത്വ മിഷന് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കായിക, കലാ, യുവജന ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെ സഹകരിപ്പിച്ച് പരിപാടികള്‍ നടത്തും. പ്രകൃതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍, പുഴ നടത്തം, നദീതട സംരക്ഷണത്തിന്റെ ഭാഗമായി മുള ഉള്‍പ്പെടെയുള്ള സസ്യങ്ങള്‍ നടുക, നദീതീരം തിരിച്ചുപിടിക്കല്‍, ശുചീകരണം, ആരോഗ്യ ക്യാംപ്, കൗണ്‍സിലിങ്, ദുരന്തവിവരം ലഭിക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, പ്രകൃതി സൗഹൃദ നിര്‍മ്മാണ പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം, പ്രളയം ബാധിച്ച ഗ്രന്ഥശാലകളിലേക്ക് പുസ്തക സമാഹരണം, റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പുനര്‍നിര്‍മ്മാണം, ഫ്ളഡ് മാപ്പിങ്, വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം ക്ലാസുകള്‍, പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
സംസ്ഥാനതല പരിപാടികള്‍ക്കായി പിആര്‍ഡി സെക്രട്ടറി, ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ പ്രതിനിധികളുമടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയും കലക്ടര്‍ ചെയര്‍മാനുമായി സമിതി രൂപീകരിക്കും. പുനര്‍നിര്‍മാണ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി ആരംഭിക്കും. ഓരോ ജില്ലയിലും കുറഞ്ഞത് 5000 പേരെയെങ്കിലും പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയും ഹാഷ്ടാഗ് നല്കി സോഷ്യല്‍ മീഡിയ ക്യാംപെയിന് നടത്താനും ഉദ്ദേശിക്കുന്നുണ്ട്.