ഇടുക്കി: ചെറുതോണി ഇടുക്കി അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. നിര്‍മ്മാണ നിരോധനമുള്ള മേഖലകളില്‍ കെട്ടിടം പണിയുന്നുവെന്ന് കാണിച്ച് സമര്‍മ്മിച്ച ഹര്‍ജിയിലാണ് നടപടി. പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതില്‍ മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കോടതി നിര്‍ദ്ദേശം നല്കി.
ചെറുതോണി പട്ടണം മുതല്‍ നേര്യമംഗലം വരെയുള്ള 234 ഹെക്ടര്‍ പ്രദേശം നിര്‍മ്മാണ നിരോധിത മേഖലയായി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ നിരോധനം ലംഘിച്ച് ചെറുതോണിയില്‍ മാത്രം നിര്‍മ്മിച്ചിരിക്കുന്നത് 62 കെട്ടിടങ്ങളാണ്. ഇടുക്കി ഡാം തുറന്നതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഈ കെട്ടിടങ്ങളില്‍ പലതും തകര്‍ന്നു. പ്രളയം ഒഴിഞ്ഞതോടെ തകര്‍ന്ന കെട്ടിടങ്ങള്‍ വീണ്ടും കെട്ടിപ്പൊക്കുകയാണ്.
നിരോധനം നിലവിലിരിക്കെ ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏത് മാനദണ്ഡം അനുസരിച്ചാണ് ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് അനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു. വിഷയം പഠിക്കാന്‍ അമിക്കസ്ക്യൂരിയെ ഹൈക്കോടതി നിയമിച്ചു. പ്രദേശത്ത് അനുമതിയില്ലാതെ വ്യാപകമായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന് കാണിച്ച് ജനശക്തിയാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.