മയ്യില്‍: കാലടിയിലെ ജുമാമസ്ജിദ് കല്ലെറിഞ്ഞു പൊളിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കാലടി സ്വദേശിയും മുസ്ലീം യൂത്ത് ലീഗ് നേതാവുമായ അലസന് ഖാദര്‍ എന്ന അബ്ദുള്‍ ഖാദര്‍ (28), മൊയ്തു നിസാമി (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയതിനു ശേഷം കുറ്റം സിപിഎം പ്രവര്‍ത്തകരുടെ തലയില്‍ കെട്ടി വെയ്ക്കാനും മത സ്പര്‍ധ വളര്‍ത്താനും പ്രതികള്‍ ശ്രമിച്ചിരുന്നു.
രണ്ട് വര്‍ഷം മുമ്പായിരുന്നു സംഭവം. 2016 മെയ് ഒന്നിന് അബ്ദുള്‍ റഹ്മാന് സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി കാലടിയില്‍ നടത്തിയ പൊതുയോഗത്തില്‍ മുഖ്യധാര പത്രാധിപന് സഹീദ് റൂമി പ്രസംഗിക്കുന്നതിനിടെ മുസ്ലിംലീഗുകാര്‍ക്ക് സ്വാധീനമുള്ള ഈ പ്രദേശത്ത് നടന്ന പരിപാടി അലോങ്കോലപ്പെടുത്താന് കല്ലെറിയുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. സംഭവത്തില്‍ സൊസൈറ്റി പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്കും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. തുടര്‍ന്ന് രാത്രി ഒമ്പതിനും പത്തിനും ഇടയിലാണ് കാലടിയിലെ ജുമാമസ്ജിദിന് നേരെ കല്ലേറുണ്ടായത്.
പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും ഇപ്പോള്‍ പിടിയിലായ മൊയ്തു നിസാമിയുള്പ്പെടെയുള്ള പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ മയ്യില്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതിനാല്‍ കേസ് കണ്ണൂര്‍ സെക്കന്‍ഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മരവിപ്പിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അബ്ദുള്‍ റഹ്മാന് സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും മറ്റും പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷിക്കാന്‍ കണ്ണൂര്‍ ഡിവൈഎസ്പി പിപി സദാനന്ദന് ഉത്തരവിട്ടത്. ഇവരുടെ അറസ്റ്റോടെ പള്ളി അക്രമത്തിന് പിന്നിലുണ്ടായിരുന്നവരുടെ യഥാര്‍ഥമുഖമാണ് പുറത്തുവന്നത്.