കൊച്ചി: മഹാരാജാസിലെത്തിപ്പെട്ട ഓരോരുത്തര്‍ക്കും ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ അല്ലെങ്കില്‍ നേടാന്‍ പോകുന്നതിന്റെ കഥ പറയാനുണ്ടാവും. ‘മഹാരാജാസ് കോളേജില്‍ പഠിക്കണമെന്നത് വാശിയായിരുന്നു… എന്താണോ നാം ലക്ഷ്യമിടുന്നത് അതിന് കളമൊരുക്കാനുള്ള മാന്ത്രികശക്തി മഹാരാജാസിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു’ മിസ് ഏഷ്യാ മോഡല്‍ ഫിസിക് ജൂനിയര്‍ (ബിക്കിനി ഫിറ്റ്നസ്) മത്സരത്തില്‍ യോഗ്യത നേടിയ ആദ്യ മലയാളിയും മഹാരാജാസ് കോളേജ് വിദ്യാര്‍ഥിനിയുമായ ഓഷോ ജിമ്മിയുടെ അഭിമാനപൂര്‍വമുള്ള വാക്കുകളാണിത്.
മിസ് വേള്‍ഡ് കീരിടത്തില്‍ മുത്തമിടുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ മഹാരാജാസ് കോളേജ് തനിക്ക് കരുത്തേകുമെന്ന് വളര്‍ന്നുവരുന്ന ഈ താരം വിശ്വസിക്കുന്നു. ഒക്ടോബര്‍ രണ്ടുമുതല്‍ എട്ടുവരെ പുണെയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് റാമ്പിലിറങ്ങാന് ഒരുങ്ങുകയാണ് ഓഷോ ജിമ്മി. ഇതോടെ മിസ് ഏഷ്യാ മോഡല്‍ ഫിസിക് ജൂനിയര്‍(ബിക്കിനി ഫിറ്റ്നസ്) മത്സരത്തിനിറങ്ങിയ ആദ്യ മലയാളി വനിതയെന്ന ചരിത്രം ഓഷോ ജിമ്മിക്ക് സ്വന്തമാകും.
അത്ലറ്റിക്സിലും ബോക്സിങ്ങിലും തിളങ്ങിയ ഓഷോ ജിമ്മി ശാരീരിക ക്ഷമതയുടെ പ്രാധാന്യം മനസ്സിലാക്കിയതോടെയാണ് സ്ത്രീകളധികം കടന്നുവരാത്ത ബിക്കിനി ഫിറ്റ്നസിലേക്ക് ശ്രദ്ധ തിരിച്ചത്. വേറിട്ട വഴിയില്‍ പൊരുതി ജയിക്കണമെന്ന ആഗ്രഹമാണ് ഓഷോയ്ക്ക്. കലൂര്‍ സ്വദേശികളായ ജിമ്മി കെ ആന്റണിയുടെയും സലീനയുടെയും മകളായ ഓഷോ ജിമ്മി മഹാരാജാസ് കോളേജിലെ ബിഎ ഒന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ്. മത്സരത്തിനായി പുണെയില്‍ പരിശീലനത്തിലാണ് ഓഷോ ഇപ്പോള്‍.