തിരുവനന്തപുരം: തൊഴിലാളികളുടെ കൂട്ടായ വിലപേശല്‍ അവകാശത്തെ നിഷേധിക്കുന്ന രീതിയിലുള്ള കെഎസ്ആര്‍ടിസി പണിമുടക്ക് തടയുന്ന ഹൈക്കോടതി വിധിക്കെതിരെ നേതാക്കള്‍ രംഗത്ത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒക്ടോബര്‍ രണ്ട് മുതല്‍ നടത്താന്‍ തീരുമാനിച്ച പണിമുടക്ക് തടയുന്ന ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന്, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രന് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
അംഗീകൃത ട്രേഡ് യൂണിയനുകള്‍ നിയമാനുസൃതം നോട്ടീസ് നല്‍കിയാണ് പണിമുടക്ക് നടത്തുന്നത്. എന്തിനാണ് തൊഴിലാളികള്‍ പണിമുടക്കുന്നതെന്ന് ട്രേഡ് യൂണിയനുകളോട് കോടതി ചോദിച്ചിട്ടില്ലെന്നും ഹര്‍ജി സമര്‍പ്പിച്ച വ്യക്തിയുടെ വാദം മാത്രം കേട്ട് വിധി പ്രസ്താവിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നെന്നും തൊഴില്‍തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ഇരുകൂട്ടരോടും കോടതിക്ക് അഭ്യര്ഥിക്കാമായിരുന്നു എന്നും അവര്‍ അഭിപ്രായപ്പെട്ടു.
തൊഴിലാളി സംഘടനകള്‍ ആരോപിക്കുംവിധത്തിലുള്ള നടപടികള്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റ് അനുവര്ത്തിക്കുന്നുണ്ടെങ്കില് അത് തിരുത്താന്‍ പറയാമായിരുന്നു. അവശ്യ സര്‍വീസ് സ്ഥാപനങ്ങളുടെ മാനേജ്മെന്റുകള്‍ക്കും രാജ്യത്തെ നിയമങ്ങള്‍ ബാധകമാണെന്ന് അവരെ ഓര്‍മിപ്പിക്കാന്‍ ഹൈക്കോടതി ശ്രമിച്ചിട്ടില്ല . ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കാതെ, കെഎസ്ആര്‍ടിസി തൊഴിലാളികളോട് പണിമുടക്കരുത് എന്ന് കല്പിക്കുന്ന കോടതി നിലപാട് പുനഃപരിശോധിക്കണമെന്നും അഭ്യര്‍ഥിച്ചു.