തിരുവനന്തപുരം; വാഹനങ്ങളില്‍ തലങ്ങും വിലങ്ങും ലൈറ്റും ഹോണും ഘടിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ട്രാന്‍സ്പോര്‍ട് കമ്മിഷണറുടെ നിര്‍ദേശമനുസരിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ വ്യാപക പരിശോധന തുടങ്ങി. അമിതമായ ലൈറ്റും സൗണ്ടും ഡ്രൈവറുടെ ശ്രദ്ധ തെറ്റിച്ചു അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത് ഒഴിവാക്കാനാണ് നടപടി.
ടൂറിസ്റ്റ് ബസുകളിലടക്കം വലിയ തുക ചെലവിട്ട് ലൈറ്റും സൗണ്ടും സ്ഥാപിക്കുന്നതു തടയും. വിനോദയാത്രകള്‍ക്കു അമിത ലൈറ്റും സൗണ്ടും ഉള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നതു നിയന്ത്രിക്കും. കൂടാതെ അതതു ജില്ലകളിലെ ടൂറിസ്റ്റ് വാഹനങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നു നിര്‍ദേശം നല്‍കും.
ടൂറിസ്റ്റ് ബസുകള്‍ക്കു പുറത്തും അകത്തുമായി എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിക്കാന്‍ അനുവദിക്കില്ല. അമിത ശബ്ദത്തില്‍ പാട്ടു വച്ചു യാത്ര ചെയ്താലും പിഴ ഈടാക്കും. ബൈക്കുകളില്‍ അടക്കം വലിയ ശബ്ദത്തിലുള്ള ഹോണുകള്‍ അനുവദിക്കില്ല. ഇത്തരം ഹോണുകള്‍ ഘടിപ്പിക്കുന്നവര്ക്ക് ഷോപ്പുകള്‍ക്കെതിരെയും നടപടിയുണ്ടാകും. വാഹനങ്ങള്‍ വാങ്ങിയ ശേഷമുള്ള എക്സ്ട്രാ ലൈറ്റിങ് പൂര്‍ണമായും തടയാന്‍ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ ജില്ലയില്‍ വ്യാപക പരിശോധന തുടങ്ങി. ഇതുവരെ 75 കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് 68,000 രൂപ പിഴ ഈടാക്കി. അമിതമായി ലൈറ്റുകള്‍ ഉപയോഗിച്ചതിന് 12, വലിയ ശബ്ദം ഉപയോഗിച്ചതിനു 9, പെര്‍മിറ്റ്, ടാക്സ് രേഖകള്‍ ഇല്ലാത്തതിന് 10, മറ്റു നിയമലംഘനങ്ങള്‍ 44 എന്നിങ്ങനെയാണു കേസുകള്‍. ജില്ലയിലൂടെ പോകുന്ന വാഹനങ്ങളിലെല്ലാം പരിശോധന നടത്താനാണു ശ്രമം വകുപ്പിന്റെ നടപടികള്‍.