കൊച്ചി: നാവികസേനയുടെ ലാന്‍ഡിങ് പ്ലാറ്റ്ഫോം നിര്‍മ്മാണകരാര്‍ റിലയന്‍സിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം വന്‍വിവാദം സൃഷ്ടിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാലയെയും ഹിന്ദുസ്ഥാന്ഷിപ്പിങ് ലിമിറ്റഡിനെയും ഒഴിവാക്കിയാണ് 20000 കോടി രൂപയുടെ എല്‍പിഡി നിര്‍മ്മാണച്ചുമതല റിലയന്‍സിന് നല്‍കാനായി ഉദ്ദേശിക്കുന്നത്. എന്നാല്‍ റിലയന്‍സിന് എല്‍പിഡി നിര്‍മ്മിക്കാനാവശ്യമായ സാങ്കേതിക – സാമ്പത്തിക ശേഷിയില്ലെന്ന പ്രതിരോധമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് നീക്കത്തിന് തടസമായി.
റിലയന്‍സിനുകൂടി അയോഗ്യത വന്നതോടെ നാലു എല്പിഡിയുടെയും നിര്‍മ്മാണകരാര്‍ സ്വകാര്യകമ്പനിയായ എല്‍ആന്‍ഡ്ടിക്കു മാത്രമായി. ഈ റിപ്പോര്‍ട്ട് മറികടന്ന് കരാര്നല്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി എല്ആന്ഡ്ടിക്കുമാത്രമായി കരാര്‍ നല്‍കുന്നതിനെതിരെ റിലയന്‍സ് പരാതി നല്കി. എല്ആന്ഡ്ടിക്കുമാത്രമായി കരാര്‍ പരിമിതപ്പെടുത്താതെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്കൊച്ചി കപ്പല്‍ശാല വീണ്ടും കത്ത് നല്കി.
2011ലാണ് നാവികസേനയ്ക്കായി 220 മീറ്റര്‍ നീളവും 20,000 ടണ്‍ കേവുഭാരവുമുള്ള നാല് എല്‍പിഡി വെസലുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. അന്നത്തെ യുപിഎ സര്‍ക്കാര്‍ ഇതില്‍ രണ്ടെണ്ണം ഹിന്ദുസ്ഥാന്‍ ഷിപ്പിങ് ലിമിറ്റഡിന് നല്കി. ബാക്കി രണ്ടെണ്ണം ടെന്‍ഡര്‍ ചെയ്യാനും തീരുമാനിച്ചു. എന്നാല്‍, അന്നും കൊച്ചി കപ്പല്‍ശാലയെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഒഴിവാക്കി. വിമാനവാഹിനി കപ്പല്‍(ഐഎസി) നിര്‍മാണം നടക്കുന്നതിനാല്‍ എല്‍പിഡി നിര്മ്മി
ക്കാന്‍ കൊച്ചി കപ്പല്ശാലയ്ക്കുശേഷിയുണ്ടാകില്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, വിമാനവാഹിനിക്കപ്പലിന്റെ ഉരുക്കുപണികള് 2013ല്‍ത്തന്നെ ഭൂരിഭാഗവും പൂര്‍ത്തീകരിച്ചിരുന്നു. അതൊന്നും പ്രതിരോധമന്ത്രാലയം ശ്രദ്ധിച്ചിരുന്നില്ല. ഇതിനെതിരെ അന്ന് പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണിക്ക് കപ്പല്‍ ജീവനക്കാര്‍ നിവേദനം സമര്‍പ്പിക്കുകയും ഇതേക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. എല്‍പിഡിയുടെ നിര്‍മ്മാണം കൊച്ചി കപ്പല്‍ശാലയ്ക്ക് നേരിട്ടുനല്കുകയോ, അല്ലെങ്കില്‍ ടെന്‍ഡറില്‍ പങ്കെടുപ്പിക്കുകയോ വേണമെന്ന് സമിതി നിര്‍ദേശിച്ചു. എന്നാല്‍ യുപിഎ സര്‍ക്കാര്‍ തീരുമാനം അറിയിച്ചില്ല.
തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ടെന്‍ഡറിന്റെ നിബന്ധന മാറ്റാനാകില്ലെന്ന ന്യായംപറഞ്ഞ് കൊച്ചി കപ്പല്‍ശാലയെ ടെന്‍ഡറില്‍നിന്ന് വീണ്ടും ഒഴിവാക്കുകയായിരുന്നു. ഒടുവില്‍ ടെന്‍ഡറിലൂടെ നാല് എല്‍പിഡിയുടെ നിര്‍മ്മാണച്ചുമതല റിലയന്‍സിനും എല്ആന്ഡ്ടിക്കുമായി കൈമാറി. അതിനു ശേഷമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കരാര്‍ എല്‍ആന്‍ഡ്ടിക്കു മാത്രമായി ചുരുക്കിയത്.