തിരുവനന്തപുരം: കുഞ്ഞ് തേജസ്വിനി ബാല ഇനി നോവുണര്‍ത്തുന്ന ഓര്‍മ്മ. വാഹനപകടത്തില്‍ ദാരുണമായി മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി ബാല (2)യുടെ മൃതദേഹം സംസ്കരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അമ്മ ലക്ഷ്മിയെ കാണിച്ചതിന് ശേഷം അല്പം മുന്‍പാണ് മൃതദേഹം സംസ്കരിച്ചത്. അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുന്ന ബാലഭാസ്കറിന് മൃതദേഹം കാണാനായില്ല.
ഭാര്യ ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്കാരം. ഇന്നലെ ബോധം തെളിഞ്ഞപ്പോള്‍ അമ്മ ലക്ഷ്മി കുഞ്ഞിനെ തിരക്കിയതായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ബാലഭാസ്കറിന് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.
അബോധാവസ്ഥയില്‍ തുടരുന്ന ബാലഭാസ്കര്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. രക്തസമ്മര്‍ദത്തില്‍ ഇടക്കിടെ വ്യതിയാനം സംഭവിക്കുന്നതിനാലാണ് ഇത്. ഇന്നലെ പിതാവ് എത്തി വിളിച്ചപ്പോള്‍ ബാലഭാസ്കര്‍ ചെറുതായി കണ്ണു തുറന്നിരുന്നു. അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോടു പ്രതികരിക്കുന്നതായും അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ലക്ഷ്മി അപകടനില തരണം ചെയ്തു
ഇരുവരെയും കാണിച്ചതിന് ശേഷം മാത്രം കുഞ്ഞിനെ സംസ്കരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ തീരുമാനം മാറ്റുകയായിരുന്നു. എംബാം ചെയ്ത് സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്.
തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്ത് വച്ചാണ് അപകടത്തില്‍ പെട്ടത്. മകള്‍ തേജസ്വിനി ബാല ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.
ഡ്രൈവര്‍ അര്ജ്ജുന് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കാറിന്റെ മുന്‍സീറ്റിലായിരുന്നു ബാലഭാസ്കറും മകളും ഇരുന്നിരുന്നത്. അപകടം നടന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ആദ്യം പുറത്തെടുത്തത് കുഞ്ഞിനെയായിരുന്നു. പോലീസ് വാഹനത്തില്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ബാലഭാസ്കറും ലക്ഷ്മിയും വെന്റിലേറ്ററില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ തന്നെയാണ് തേജസ്വനി ബാലയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാലഭാസ്കറിനും ലക്ഷ്മിക്കും തേജസ്വിനി ബാല ജനിക്കുന്നത്. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു സംഭവം. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ നാലുപേരെയും പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോലീസിന്റെ അനുമാനം.
ആശുപത്രിയില്‍ കഴിയുന്ന ബാലഭാസ്കറിന്റെ ആരോഗ്യ നിലയെക്കുറിച്ച് അറിയാന്‍ മെഡിക്കല്‍ ബുള്ളറ്റിന് പ്രസിദ്ധീകരിക്കാനൊരുങ്ങുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സമൂഹത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ബാലഭാസ്കറിന്റെ ആരോഗ്യത്തെ സംബന്ധിച്ച് അന്വേഷണങ്ങള്‍ വരുന്നത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം. ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് ഇന്ന് പ്രസിദ്ധീകരിക്കും.