കൊച്ചി: പ്രളയില്‍ തകര്‍ന്നടിഞ്ഞതില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിനൊപ്പം ബിജെപി പ്രവര്‍ത്തകരും ഒപ്പമുണ്ടാകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സര്‍ക്കാരിന്റെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രം കേരളത്തിന് ഒപ്പം ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ നടക്കുന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന് സഹായം നല്കാന് സംസ്ഥാനവുമായി നില നില്ക്കുന്ന ആശയപരമായ ഭിന്നതകള്‍ തടസം ആകില്ലെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
നാശം വിതച്ച പ്രകൃതി ദുരന്തത്തില്‍ കേരളത്തിന്റെ നഷ്ടം കോടികളാണ്. അവയെല്ലാം നികത്തി സംസ്ഥാനത്തെ വാര്‍ത്തെടുക്കാന്‍ വര്‍ഷങ്ങള്‍ തന്നെ തികയാതെ വരുന്ന സാഹചര്യമാണുള്ളത്. അത്രയും നാശ നഷ്ടങ്ങളാണ് പ്രളയത്തിലൂടെയുണ്ടായത്. സംസ്ഥാനത്തിന്റെ കണ്ണീരൊപ്പാന്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇപ്പോഴും സഹായ പ്രവാഹമാണ്.