കൊച്ചി: തങ്ങളുടെ വീട്ടിലെ ഡ്രൈവറെ വെറും ജോലിക്കാരായി മാത്രം മാറ്റി നിര്‍ത്താതെ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ കാണുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ ആസാദ് എന്ന യുവ ഡ്രൈവര്‍ ‘എന്റെ അരൂര്‍’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച വികാരഭരിതമായ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. താന്‍ ജോലി ചെയ്യുന്ന കുടുംബം തനിക്ക് തരുന്ന അളവുറ്റ സ്നേഹത്തെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് ആസാദ്.
ആസാദ് പറയുന്നു;
”7 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡോക്ടര്‍ അമ്മയുടെ ഡ്രൈവറായി ഞാന്‍ ചെല്ലുന്നത്. എന്റെ ഒരു കസിന് വഴിയാണ് പാര്‍ടൈം ഡ്രൈവറായി ഞാന്‍ അവിടെ ജോലി തുടങ്ങിയത്. കാക്കനാട് നിന്ന് ഏലൂര്‍ ഫാക്ട് കോംപ്ലെക്സിലെ മാധവ ഹോമിയോ ക്ലിനിക്കിലേക് ഡോക്ടര്‍ അമ്മയെ കൊണ്ടുപോവുക, വൈകിട്ട് തിരിച്ചു വീട്ടിലേക്കും. അതേപോലെ ചുരുങ്ങിയ സമയം കൊണ്ട് വീട്ടിലെ സുധാകരന് സാറും ഡോക്ടര്‍ അമ്മയും എന്റെ ഹൃദയത്തില്‍ ഇടം നേടി.
പിന്നീട് ഡോക്ടര്‍ അമ്മയോടൊപ്പം ഉള്ള യാത്ര മാത്രമായി. അമ്മയും അതേപോലെ തന്നെ എനിക്ക് തന്ന സ്ഥാനം അവരുടെ കുടുംബത്തിലെ എല്ലാവരുടെയും ഹൃദയത്തിലായിരുന്നു.. കഴിഞ്ഞ ദിവസം അമ്മയ്ക്ക് പെട്ടന്ന് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവുകയും പെട്ടന്ന് ഹോസ്പിറ്റലില്‍ ഐസിയുവില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. പിറ്റേന്ന് കാണാന്‍ പോയെങ്കിലും സാധിച്ചില്ല. അടുത്തദിവസം റൂമിലേക്ക് മാറ്റിയപ്പോള്‍ അതിരാവിലെ എന്റെ ഫോണിലേക്ക് വിളിച്ച് അമ്മയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. അന്ന് വൈകുന്നേരം അമ്മയുടെ അടുത്ത് പോവുകയും വൈകിട്ട് വരെ അമ്മയോടൊപ്പം ചിലവഴിക്കുകയും ചെയ്തു.
ഈ കാലത്ത് ഡ്രൈവര്‍മാരെ ജോലിക്കാരായി കണ്ടു മാറ്റി നിര്‍ത്തുമ്പോള്‍, ഡ്രൈവറെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഈ കുടുംബം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ഇവരൊന്നും എന്റെ ജാതിയും മതവും ഒന്നും നോക്കിയല്ല എന്നെ കൂടെ നിര്‍ത്തിയത്. മനുഷ്യത്വം മാത്രം… തിരിച്ചു എനിക്കും ആ കുടുംബത്തോടു കൂടി ജീവിതകാലം മുഴുവന്‍ ചേര്‍ന്ന് നില്കാന് ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ ഡോക്ടര്‍ അമ്മയുടെ എല്ലാ അസുഖവും ദൈവം എത്രയും പെട്ടന്ന് സുഖപ്പെടുത്തട്ടെ, പ്രാര്‍ത്ഥനയോടെ, ആസാദ്.
കടപ്പാട്. Dr മനോജ്കുമാര്‍.. രേഷ്മി ടീച്ചര്‍.. റുപ ടീച്ചര്‍.. ദീപച്ചേച്ചി.. രഞ്ജി സര്.”’