തിരുവനന്തപുരം: ടൂറിസം മേഖലയ്ക്ക് ആത്മധൈര്യമേകി കേരളത്തിന് സീ ബിസിനസ് ട്രാവല്‍ പുരസ്കാരം. ഒഴിവുകാലം ചെലവഴിക്കാന്‍ ഇന്ത്യയിലെ ഏറ്റവും അനുയോജ്യമായ സംസ്ഥാനമെന്ന നേട്ടമാണ് കേരളം ഇതോടെ കൈവരിച്ചത്. ഇന്ത്യന്‍ വിനോദ സഞ്ചാരമേഖലയെ ഉത്തരവാദിത്തത്തോടെ ഔന്നത്യങ്ങളിലേയ്ക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സീ ബിസിനസ് ട്രാവല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനം പ്രളയത്തെ അതിജീവിച്ച് തിരിച്ചുവരുന്ന സമയത്തിന് അനുയോജ്യമായ രീതിയിലാണ് കേരള ടൂറിസം അവാര്‍ഡിന് അര്‍ഹമായിരിക്കുന്നതെന്ന് സംസ്ഥാന ടൂറിസം വകുപ്പുമന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഇന്ത്യയില്‍ പ്രതിഭകള്‍ക്ക് ഒരൂ കുറവുമില്ലെന്നും അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് പുരസ്കാര ജേതാവിനെ കണ്ടെത്തുക ദുഷ്കരമായിരുന്നുവെന്നും സീ ബിസിനസ് ട്രാവല്‍ അവാര്‍ഡ് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
ദില്ലി ഒബ്റോയ് ഹോട്ടലില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മൗറീഷ്യസ് ടൂറിസം മന്ത്രി അനില്‍ കുമാര്‍സിംഗ് ഗയാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം പ്രതിനിധി സൂരജ് പി കെ പുരസ്കാരം ഏറ്റുവാങ്ങി.