കൊല്ലം: ഇരുട്ടിന്റെ ലോകത്തിന് വിടപറഞ്ഞ് നിറങ്ങളുടെ ലോകത്തിലേയ്ക്ക് ഇനി ജാക്കിന് കടക്കാം. തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട ജാക്കിന് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ശസ്ത്രക്രിയയാണ് നടത്തിയത്. അടൂര്‍ കണ്ടംതോട്ടുകര ജോസഫിന്റെ അരുമയായ ‘ലാബ്രഡോര്‍’ ഇനത്തില്‍പെട്ട ആണ്നായയാണ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്തത്.
ഇരുകണ്ണുകള്‍ക്കും തിമിരം ബാധിച്ച ജാക്കിന് എക്സ്ട്രാ ക്യാപ്സുമാര് കാറ്ററാക്ട് എക്സ്ട്രാക്ഷന്‍ (ഇസിസിഇ) ശസ്ത്രക്രിയയാണു നടത്തിയത്. കണ്ണിലെ ലെന്‍സ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് 50 ശതമാനത്തോളം കാഴ്ച വീണ്ടെടുക്കുന്നതാണിത്.
മതിലിലും മേശയിലുമൊക്കെ ഇടിക്കുകയും ഭക്ഷണ പാത്രത്തില്‍ ചവിട്ടുകയും ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോഴാണു ജാക്കിനു കാഴ്ചയില്ലെന്നു ജോസഫ് മനസിലാക്കിയത്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ആധുനിക ഓപ്പറേഷന് തിയറ്ററില്‍ ഡോക്ടര്‍മാരായ പി.അജിത്, സജയകുമാര്‍, അജിത് ബാബു എന്നിവര്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കി.