കൊച്ചി: പ്രകൃതി വാതകം ലഭ്യമാക്കാനുള്ള പദ്ധതി ഉടന്‍ നിലവില്‍ വരും. കൊച്ചി-മംഗലൂരു പ്രകൃതിവാതക പൈപ്പ് ലൈന്‍ വരുന്ന മാര്‍ച്ചില്‍ കമ്മീഷന് ചെയ്യുമെന്ന് ഗെയ്ല് അറിയിച്ചു. 17ലക്ഷത്തിലധികം വീടുകളിലും, 597 സിഎന്‍ജി സ്റ്റേഷനുകളിലും പ്രകൃതി വാതകമെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രഖ്യാപിച്ച 2007 മുതല്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഉയര്‍ന്ന ആശങ്കകള്‍, കഴിഞ്ഞ വര്‍ഷം നവംബറില്‍ വടക്കന്‍ കേരളത്തില്‍ സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലെത്തി, സ്ഥലമേറ്റെടുപ്പിനെ ചൊല്ലി പദ്ധതിയുടെ ഭാവി തന്നെ സംശയത്തിലായി. എന്നാല്‍ പ്രതിഷേധം അയഞ്ഞതോടെ പദ്ധതിക്കായുള്ള തുടര്‍പ്രവര്‍ത്തനങ്ങളും വേഗത്തിലായി. 443 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ് ലൈനിന്റെ 408 Km കേരളത്തിലും 35 Km കര്‍ണാടകത്തിലുമാണ്. ഇതില്‍ 375 km വെല്‍ഡിംഗ് ജോലികള്‍ പൂര്‍ത്തിയായി.
308 Km മണ്ണിനടിയിലും സ്ഥാപിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത നിയന്ത്രണ സംവിധാനത്തിലൂടെ വാതക ചോര്ച്ചയുണ്ടാല് അതിവേഗം പരിഹരിക്കാമെന്ന് ഗെയ്ല് ഉറപ്പ് നല്കുന്നു.ഇതിനായി ഓരോ 16 Km ലും ഉള്ള വാള്‍വ് സ്റ്റേഷനുകളുടെ ജോലിയും അന്തിമഘട്ടത്തിലാണ്.
നഷ്ടപരിഹാര പാക്കേജ് പുനര്‍നിര്‍ണ്ണയിച്ചും, തണ്ണീര്‍ത്തട പ്രദേശങ്ങളില്‍ നിര്മ്മാണമുണ്ടാകില്ലെന്ന ഉറപ്പിലുമാണ് പദ്ധതി നിലവില്‍ മുന്നോട്ട് പോകുന്നത്. എറണാകുളം ജില്ലയില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ലിമിറ്റഡിന് തന്നെയാണ് വയനാട് ഉള്‍പ്പടെ ഏഴ് ജില്ലകളിലും വിതരണത്തിനുള്ള ചുമതല.