കണ്ണൂര്‍: ദിനംപ്രതി അനിയന്ത്രിതമായി വര്‍ധിച്ച് വരുന്ന ഇന്ധനവിലയ്ക്കെതിരെ വേറിട്ട സമരവുമായി ഒരുപറ്റം വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. കണ്ണൂര്‍ നഗരത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചാണ് എസ്എഫ്ഐ മാതൃകം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. സൈക്കിളില്‍ നഗരം ചുറ്റിയ വിദ്യാര്‍ഥിനികള്‍ ഇന്ധനവില വര്‍ധനയുടെ ദുരിതങ്ങള്‍ ജനങ്ങളുമായി പങ്കുവച്ചു.
അഴിമതിയില്‍ മുങ്ങിയ കേന്ദ്രസര്‍ക്കാരിനെതിരായ ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കല്കൂടിയായി സമരം. ബിജെപി സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു സൈക്കിളുകളില്‍ വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ചത്. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം വിജിന് റാലി ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ടിവിഎം ഷീമ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എപി അന്‍വീര്‍, ദിഷ്ണ പ്രസാദ്, ഇകെ ദൃശ്യ, അഞ്ജലി സന്തോഷ്, പി അശ്വതി, കെ അനുശ്രീ എന്നിവര്‍ സംസാരിച്ചു.