തൊടുപുഴ: പ്രളയത്തിലും കാലവര്ക്കെടുതിയിലും അകപ്പെട്ട കുട്ടികള്‍ക്ക് പിന്നീട് നേരിടേണ്ടിവരുന്ന വ്യക്തിപരവും സാമൂഹ്യവുമായ തടസ്സങ്ങള്‍ തരണം ചെയ്യാന്‍ കൗണ്‍സലിങ് അനിവാര്യമാണെന്ന് മന്ത്രി എംഎം മണി. യൂണിസെഫ് എസിഇആര്ടി നിംഹാന്‍സ് ബംഗലൂരു, മിര്‍ട്ടില്‍ ചെന്നൈ എന്നിവയുടെ പിന്തുണയോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാലവര്‍ഷ ദുരന്തബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി നടപ്പാക്കുന്ന വിനോദ സാന്ത്വന പിന്തുണയുടെ ഭാഗമായ ക്ലസ്റ്റര്‍തല അധ്യാപക പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം കുഞ്ചിത്തണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ സാംസ്കാരിക, സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് അധ്യാപകരെ ബോധവല്‍ക്കരിക്കുന്നതും ആവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഭാഗമായി ജില്ലയിലെ 13 ക്ലസ്റ്ററുകളിലായി 650 ഓളം അധ്യാപകര്‍ക്ക് പരിശീലനം നല്കി. പാവനിര്‍മാണം, പാവകളി, നാടന്‍ കളികള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, കൗണ്‍സലിങ് തുടങ്ങി വ്യത്യസ്ഥ പരിപാടികളാണ് പരിശീലിപ്പിച്ചത്.