ആലപ്പുഴ: ‘ഒരു വീട്ടില്‍ നിന്ന് ഒരു പുസ്തകം’ എന്ന ആശയം പ്രാവര്‍ത്തികമാക്കിയാണ് ഇത്തവണ ആലപ്പുഴ ഗാന്ധിജിയുടെ 150ാം ജന്മദിനമാഘോഷിക്കുന്നത്. പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വായനശാലകള്‍ക്ക് പുസ്തകങ്ങള്‍ തിരികെ നല്‍കുക വഴി പ്രവര്‍ത്തനം നിലച്ച വായനശാലകളെ പ്രവര്‍ത്തന സജ്ജമാക്കുക എന്നതാണ് ലക്ഷ്യം. കലക്ടര്‍ എസ് സുഹാസ് അധ്യക്ഷനായുള്ള ജില്ലാസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി.
താല്പര്യമുള്ളവര്ക്ക് ഒന്നിലധികം പുസ്തകങ്ങളും സംഭാവന ചെയ്യാം. എല്ലാ പഞ്ചായത്തുകളില്‍ നിന്നും ഇതിനായുള്ള പുസ്തകങ്ങള്‍ ശേഖരിക്കും. ഓരോ കുടുംബശ്രീയില്‍ നിന്നും ഓരോ പുസ്തകം ശേഖരിക്കും. ഒക്ടോബര്‍ മൂന്നിന് വീടുവീടാന്തരം കയറിയിറങ്ങി പുസ്തകങ്ങള്‍ സമാഹരിച്ച് ബ്ലോക്കുകളിലെത്തിക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധിജയന്തിവാരാചരണം ആഘോഷം ഒഴിവാക്കി നടത്തും. ‘പ്രളയാനന്തര കേരളത്തിന്റെ പുനരുജ്ജീവനം’ എന്ന വിഷയത്തില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ ജില്ലാ തല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 150 പ്രഭാഷണങ്ങളും സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്നിന് വൈകിട്ട് അഞ്ചിന് ഇംഎസ്എസ് സ്റ്റേഡിയത്തില്‍ നിന്ന് ഗാന്ധി സ്മൃതി മണ്ഡപത്തിലേക്ക് വിളംബര ജാഥയും ദീപക്കാഴ്ചയും സംഘടിപ്പിക്കും. 150 ദീപങ്ങള്‍ തെളിക്കും.
ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നടക്കും.
മൂന്നിന് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉപന്യാസ രചനാ മത്സരം നടത്തും. നാലിന് യുപി വിദ്യാര്‍ഥികള്‍ക്കായി ചിത്ര രചനാ മത്സരം നടത്തും.അഞ്ചിന് സ്കൂള്‍ തല ശുചീകരണവും ആറിന് ഓഫീസ് തല ശുചീകരണവും ഏഴിന് വീടുകളും ശുചിയാക്കും. എട്ടിന് ചെങ്ങന്നൂരില്‍ ഗാന്ധിജയന്തി വാരാഘോഷ സമാപനം നടക്കും.