നെയ്യാറ്റിന്‍കര: മലയാളിയുടെ യശസ്സ് ലോകമെമ്പാടും എത്തിച്ച സ്വദേശാഭിമാനിയുടെ ജന്മഗൃഹം ഉള്‍പ്പെടെയുള്ളവ പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി എകെ ബാലന് പറഞ്ഞു. സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ നാടുകടത്തല്‍ ദിനാചരണം അദ്ദേഹത്തിന്റെ ജന്മഗൃഹമായ അതിയന്നൂര്‍ കൂടില്ലാ തറവാട്ടില്‍ ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം പ്രസ് ക്ലബ്ബും നെയ്യാറ്റിന്‍കര നഗരസഭയും നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറവും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്.
കെ ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായി. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് ജി പ്രമോദ് ആമുഖ പ്രഭാഷണം നടത്തി. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡബ്ള്യുആര്‍ ഹീബ, വൈസ് ചെയര്മാന് കെകെ ഷിബു, അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിടി ബീന, പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണന്, അശോക് കുമാര്‍, ജി ശേഖരന്‍നായര്‍, കൊടങ്ങാവിള വിജയകുമാര്‍, സജിലാല്നായര്, എപി ജിനന് എന്നിവര്‍ സംസാരിച്ചു.
സാമൂഹ്യനീതി സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തില്‍ ദിനാചരണത്തിന്റെ ഭാഗമായി സ്വദേശാഭിമാനിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. സ്വദേശാഭിമാനി കള്‍ച്ചറള്‍ ഫോറവും പൗരാവലിയും സംഘടിപ്പിച്ച ദിനാചരണം പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തക യൂണിയന് ജില്ലാകമ്മിറ്റിയും കേസരി മെമ്മോറിയല്‍ ജേര്‍ണലിസ്റ്റ് ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തല്‍ വാര്‍ഷികം കേസരി ഹാളില്‍ ശശി തരൂര്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു. സ്വദേശാഭിമാനിയുടെ ചിത്രം വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ ചെറുമകന് എ സുഹൈറും വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ ചിത്രം ശശി തരൂരും അനാച്ഛാദനം ചെയ്തു.