നെയ്യാറ്റിന്‍കര: തിരുവിതാംകൂറിന്റെ മണ്ണില്‍നിന്നും സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയെ നാടുകടത്തിയിട്ട് ഇന്നേക്ക് 108 വര്‍ഷമാകുന്നു. എന്നാല്‍ അതേസമയം സ്വദേശാഭിമാനിയുടെ അരംഗമുകളിലെ കൂടില്ലാവീട് എന്ന ജന്മഗൃഹം സംരക്ഷിക്കുമെന്നത് ഇപ്പോഴും വെറും പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുകയാണ്.
സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന കെ രാമകൃഷ്ണപിള്ളയെ അന്നത്തെ ദിവാനായിരുന്ന സിപി രാജഗോപാലാചാരി നടത്തിയ അധാര്‍മികതയ്ക്കെതിരേ സ്വദേശാഭിമാനി പത്രത്തിലൂടെ പ്രതികരിച്ചതിന് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലംതിരുനാള്‍ നാടുകടത്തിയത്.
തിരുവിതാംകൂറില്‍നിന്നു നാടുകടത്തപ്പെട്ട കൃഷ്ണപിള്ള കണ്ണൂരിലെത്തുകയും 1916 മാര്‍ച്ച് 28നു മരിക്കുകയുമായിരുന്നു. 1878 മേയ് 25നാണ് നരസിംഹന്‍പോറ്റിയുടെയും ചക്കിയമ്മയുടെയും മകനായി അരംഗമുകളിലെ കൂടില്ലാവീട്ടില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജനിച്ചത്.
ഇപ്പോള്‍ കൃഷ്ണപിള്ള ജനിച്ച വീട് നാശത്തിന്റെ വക്കിലാണ്. കാലപ്പഴക്കം കാരണം ഇടിഞ്ഞുപൊളിഞ്ഞ വീട് സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നു. കൂടില്ലാവീട് തനിമ നശിക്കാതെ സംരക്ഷിച്ചു സ്മാരകമാക്കണമെന്ന ആവശ്യവുമായി റിലേ സത്യാഗ്രഹം നടത്തിയിട്ടുള്ള അതിയന്നൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കൊടങ്ങാവിള വിജയകുമാര്‍ പത്രപ്രവര്‍ത്തനരംഗത്തെ കുലപതിയായ സ്വദേശാഭിമാനിയുടെ പേരില്‍ പത്രപ്രവര്‍ത്തക പരിശീലനകേന്ദ്രവും ഇവിടെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു. തകര്‍ന്നുവീഴാറായ ആ ഒറ്റമുറിവീടിന്റെ മുകളിലൂടെ മേല്‍ക്കൂര പണിയുകയല്ലാതെ വേറെയൊന്നും സര്‍ക്കാര്‍ ഇതുവരെ ചെയ്തിട്ടില്ല.
ഇക്കൊല്ലത്തെ വാര്‍ഷികാചരണത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാളമാസം 1086 കന്നി പത്തിനാണ് സ്വദേശാഭിമാനിയെ നാടുകടത്തിയത്. അതായത് 1910 സെപ്റ്റംബര്‍ 26 ന്. നാകന്നി പത്തും സെപ്തംബര്‍ 26 ഉം ഇക്കൊല്ലം ഒരേ ദിവസമാണ്. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെയും നഗരസഭയുടെയും സ്വദേശാഭിമാനി ജേണലിസ്റ്റ് ഫോറത്തിന്റെയും നേതൃത്വത്തില്‍ വൈകീട്ട് 5ന് കൂടില്ലാവീട്ടില്‍ നടക്കുന്ന ദിനാചരണം മന്ത്രി എകെ ബാലന് ഉദ്ഘാടനം ചെയ്യും.