ന്യൂഡല്‍ഹി: യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങളുടെ സാമ്പത്തികസഹായം കേരളത്തിലെ പ്രളയദുരന്തം നേരിടാനായി സ്വീകരിക്കേണ്ടെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ വിദേശരാജ്യങ്ങളിലെ മലയാളിക്കൂട്ടായ്മകളില്നിന്നും കേരളത്തിന് സഹായം സ്വീകരിക്കാം. പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കിയത് ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്.
സംസ്ഥാനമന്ത്രിമാര്‍ക്ക് സഹായാഭ്യര്‍ഥനയുമായി വിദേശയാത്രകള്‍ നടത്താം. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കണ്ടത് കേരളത്തിലെ പ്രളയദുരന്തം നേരിടുന്നതിനും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സാമ്പത്തികസഹായം നല്‍കണമെന്നാവശ്യപ്പെട്ടാണ്. ഇതിനായി കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ വിശദമായ നിവേദനവും പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നല്കി. കേരളത്തിനുണ്ടായ മൊത്തം നാശനഷ്ടത്തിന്റെ കണക്ക് അടുത്തമാസം കേന്ദ്രത്തിനു നല്‍കും. സംസ്ഥാനം പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും താഴ്ന്നപ്രദേശങ്ങളിലെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂസീലന്‍ഡിന്റെ സഹായം തേടുന്നതിന് തടസ്സമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയം നേരിടാന്‍ കേന്ദ്ര ഏജന്‍സികള്‍ നല്കിയ സഹകരണത്തിനു പ്രധാനമന്ത്രിയെ നന്ദി അറിയിച്ചുവെന്നും നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്ച നന്നായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ 700 കുടുംബങ്ങള്‍ ഇപ്പോഴും അഭയാര്‍ഥിക്യാമ്പുകളിലാണ്. വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നമുറയ്ക്ക് അവര്‍ക്ക് വീടുകളിലേക്കു മടങ്ങാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.