തിരുവനന്തപുരം: ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ഖൊ ഖൊ താരമായിട്ടും തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി മഹേഷ് താമസിക്കുന്നത് ഒറ്റമുറി വീട്ടില്‍. ലണ്ടനില്‍ അന്താരാഷ്ട്രാ മത്സരം കളിക്കാന്‍ പോയതോടെ ഉണ്ടായിരുന്ന സ്ഥലവും ഇപ്പോള്‍ പണയത്തിലായി.
ഷീറ്റ് കൊണ്ട് മൂടിയ ഒരു കൊച്ചു വീട്. ഒറ്റമുറി വീട് പലകകൊണ്ട് തിരിച്ച് രണ്ട് മുറിയാക്കിയിരിക്കുന്നു. ഇതും വൈകാതെ നഷ്ടമാവുമോ എന്ന ഭയത്തിലാണ് മഹേഷ്. ഈ മാസം ആദ്യം ലണ്ടനില്‍ നടന്ന ടൂര്‍ണമെന്റിന് പോവാന്‍ കളിക്കാരെല്ലാം 1,10000രൂപ നല്‍കണമെന്ന് ദേശീയ ഖൊഖൊ ഫെഡറേഷന് ആവശ്യപ്പെട്ടതോടെയാണ് ആധാരവും ബാങ്കിലായത്. സ്വര്‍ണവുമായി തിരിച്ചെത്തിയത് കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലേക്ക്.
ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ മഹേഷിന്റെ അമ്മയ്ക്ക് ഏക ആശ്രയം മഹേഷ് തന്നെ. കാറ്ററിംഗിനും മറ്റും പോയാണ് ഇപ്പോഴത്തെ ചെലവുകള്‍ നടക്കുന്നത്. മൂലമറ്റത്ത് ബിപിഇയ്ക്ക് പഠിക്കുന്നുണ്ട്. പഞ്ചായത്ത് ഭവന പദ്ധതിപ്രകാരം വീട് ലഭിക്കാന്‍ എല്ലാ വര്‍ഷവും അപേക്ഷ നല്‍കിയെങ്കിലും ഇത് വരെ ഒന്നുമായില്ല.