ആലപ്പുഴ: കറ്റാനം കണ്ണനാകുഴിയില്‍ വീടിന്റെ ജനാലയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണത്തില്‍ നിര്‍ണ്ണായ വഴിത്തിരിവ്. മരണം മോഷണശ്രമത്തിനിടെയുള്ള കൊലപാതകമായിരുന്നുവെന്നാണ് കണ്ടെത്തല്‍. സംഭവത്തിലെ പ്രതിയായ പത്തൊന്‍പതുകാരനെ പോലീസ് പിടികൂടി.
അയല്‍വാസിയും മരിച്ച വീട്ടമ്മയുടെ മകന്റെ കൂട്ടുകാരനുമായ ജെറിനാണ് അറസ്റ്റിലായത്. മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52) യാണു മരിച്ചത്. മുകളയ്യത്തു പുത്തന്‍വീട്ടില്‍ ജെറിന് രാജുവിനെ പോലീസ് പിടികൂടി. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ജെറിന് തുളസിയുടെ വീട്ടിലെ അലമാരയില്‍നിന്നു പണം മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ജനാലയില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.
തെളിവു നശിപ്പിക്കാന്‍ വീടിനു ചുറ്റും മുളകുപൊടി വിതറിയ ശേഷമാണു ജെറിന് രക്ഷപ്പെട്ടത്. ജെറിനെ വീട്ടില്‍നിന്നാണു പിടികൂടിയത്. ഇയാള്‍ കഞ്ചാവു കേസിലും പ്രതിയാണെന്നു പോലീസ് പറഞ്ഞു.