കോഴിക്കോട്: വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന മിശ്രിത സ്വര്‍ണ്ണം വേര്‍തിരിക്കുന്ന രഹസ്യ കേന്ദ്രം കോഴിക്കോട് കണ്ടെത്തി. ഡിആര്‍ഐയാണ് നീലേശ്വരത്ത് നിന്ന് രഹസ്യ കേന്ദ്രം കണ്ടെത്തിയത്. ഒരു വര്‍ഷത്തിനിടെ ആയിരം കിലോയിലധികം സ്വര്‍ണ്ണമാണ് ഇവിടെ ഉരുക്കിയെടുത്തിട്ടുള്ളത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ച് കടത്തുന്ന മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന രഹസ്യ കേന്ദ്രമാണ്നീലേശ്വരത്ത് രഹസ്യമായി പ്രവര്‍ത്തിച്ചു വന്നിരുന്നത്. കോഴിക്കോട് ഓമശേരി നീലേശ്വരത്ത് നൂഞ്ഞിക്കര വീട്ടില്‍ ചെറിയാവ എന്ന നസീമിന്റെ വീട്ടിലാണ് കേന്ദ്രം കണ്ടെത്തിയത്. നസീമും സഹോദരന് വലിയാവ എന്ന തഹീമും റെയ്ഡില്‍ പിടിയിലായി.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി കേന്ദ്രത്തില്‍ സ്വര്‍ണ്ണം വേര്‍തിരിക്കുന്നുണ്ട്. എട്ട് മാസത്തിനിടയ്ക്ക് 570 കിലോഗ്രാം സ്വര്‍ണ്ണം ഉരുക്കി നല്‍കിയതായി പിടിയിലായവര്‍ മൊഴി നല്കി. ഇത്രയും കൂടുതല്‍ സ്വര്‍ണ്ണം ഉരുക്കിയ രഹസ്യ കേന്ദ്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ കണ്ടെത്തുന്നത് ആദ്യമായിട്ടാണെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണം കടത്തുന്ന രഹസ്യ അറകളോട് കൂടിയ നൂറിലധികം അടിവസ്ത്രങ്ങളും വിവിധ തരം ബെല്‍റ്റുകളും രഹസ്യ കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തി. സ്വര്‍ണ്ണം ഉരുക്കാനുപയോഗിക്കുന്ന അഞ്ച് ഇലക്ട്രിക് ഫര്‍ണസുകളും മൂശകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കൊടുവള്ളിയിലെ സ്വര്‍ണ്ണക്കടത്തു കാര്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ സഹോദരങ്ങള്‍ സ്വര്‍ണ്ണം വേര്‍തിരിച്ച് നല്‍കിയിരുന്നത്. ഒരു കിലോഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ച് നല്‍കുന്നതിന് 4000 രൂപയാണ് പ്രതിഫലം. ദുബായിയില്‍ നിന്ന് മുപ്പത് കിലോഗ്രാം സ്വര്‍ണ്ണം തങ്ങള്‍ കടത്തിക്കൊണ്ട് വന്നിട്ടുണ്ടെന്നും ഇവര്‍ സമ്മതിച്ചു.