കോഴിക്കോട്: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് നടത്തിയ പഞ്ച് മോഡി ചാലഞ്ചില്‍ അക്രമം അഴിച്ചു വിട്ട് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍. കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിനു സമീപമാണ് ചാലഞ്ച് സംഘടിപ്പിച്ചത്.
വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു എഐഎസ്എഫിന്റെ പരിപാടി. നരേന്ദ്ര മോഡിയുടെ ചിത്രം പതിച്ച രൂപത്തില്‍ ഇടിക്കുന്നതാണ് പഞ്ച് മോഡി ചലഞ്ച്. ഇതിനിടെ എത്തിയ അഞ്ചോളം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മോഡിക്കനുകൂലമായി മുദ്രാവാക്യം മുഴക്കുകയും, തടയാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതാണ് സംഘര്‍ഷത്തിലേയ്ക്ക് വഴിവെച്ചത്. പോലീസ് ഇടപെട്ട് ഇരുവിഭാഗത്തേയും അറസ്റ്റ് ചെയ്താണ് സ്ഥിതി ശാന്തമാക്കിയത്. ദിനം പ്രതി കുതിച്ചുയരുന്ന പെട്രോള്‍ വില വര്‍ധവില്‍ പ്രതിഷേധിച്ചാണ് സിപിഐ പോഷക സംഘടനകളായ എഐഎസ്എഫും, ഐഐവൈഎഫും പഞ്ച് മോഡി ചലഞ്ചിന് രൂപം കൊടുത്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ പരിപാടി നടത്തിയിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മൂന്ന് തവണ പരിപാടിയുടെ വേദി മാറ്റേണ്ടതായി വന്നു. ആദ്യം ബീച്ചിലും പിന്നീട് കിഡ്സണ്‍ കോര്‍ണറിലും നടത്തുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റിയത്.