കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പിന്തുണ നല്‍കിയതിന് വീണ്ടും പ്രതികാര നടപടിയുമായി സഭ രംഗത്ത്. സിസ്റ്റര്‍ ലൂസിയ്ക്ക് നേരെയാണ് ആദ്യം സഭ നിയമനടപടി സ്വീകരിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ഇതിനു പിന്നാലെ സമരത്തെ പിന്തുണച്ച വൈദികനെതിരെയും നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്.
യാക്കോബായാ റമ്പാനെതിരെയാണ് സഭയുടെ നടപടി. യൂഹാനോന്‍ റമ്പാനെ യാക്കോബായ സഭ പൊതുപരിപാടികളില്‍ നിന്ന് വിലക്കി. പാത്രിയാര്‍ക്കീസ് ബാവയുടെ നിര്‍ദേശപ്രകാരമാണ് നടപടി. വിലക്ക് ലംഘിച്ചാല്‍ അച്ചടക്കനടപടിയുണ്ടാകുമെന്ന് താക്കീതും നല്‍കിയിട്ടുണ്ട്. റമ്പാന്‍ന്മാര്‍ ദയറകളില്‍ പ്രാര്ത്ഥിച്ചുകഴിയേണ്ടവരാണെന്ന് സഭാനേതൃത്വം അറിയിച്ചു.
നേരത്തെ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്കെതിരെ മാനന്തവാടി രൂപത നടപടി സ്വീകരിച്ചിരുന്നു. സിസ്റ്റര്‍ ലൂസി മാധ്യമങ്ങളിലൂടെ സഭയെ വിമര്ശച്ചതും സമരത്തില്‍ പങ്കെടുത്തതുമാണ് അച്ചടക്ക നടപടിക്ക് കാരണമായ കുറ്റം. വേദപാഠം, വിശുദ്ധ കുര്‍ബാന നല്കല്, ഇടവക പ്രവര്‍ത്തനം തുടങ്ങിയവയില്‍ രൂപതാ സിസ്റ്ററിനെ വിലക്കിയിരിക്കുകയാണ്.
അതേസമയം നടപടിയെ വിമര്‍ശിച്ച് കന്യാസ്ത്രീകള്‍ രംഗത്തെത്തി. സത്യത്തിനുവേണ്ടി നില്‍ക്കുന്നവരെ സഭ ക്രൂശിക്കുന്നതെന്തിനെന്ന് ഇവര്‍ ചോദിച്ചു. പ്രതികാരനടപടികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും നടപടികളില്‍ പ്രതിഷേധിക്കുമോയെന്നു അപ്പോള്‍ തീരുമാനിക്കുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.