കോഴിക്കോട്: ജന്മനാ ഇരുകൈകളും ഇല്ലാത്ത ഉല്ലു എന്ന ഉമ്മുക്കുല്‍സു വിത്തുപേനകള്‍ വിറ്റ് കിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കി പുതിയ പാഠം പകര്‍ന്നിരിക്കയാണ്.
വാകയാട് ഗവ എല്‍പി സ്കൂളില്‍ നടന്ന ചടങ്ങിലാണ് ഉല്ലു കാലുകൊണ്ടു നിര്‍മിച്ച 5000 കടലാസു പേനകള്‍ വിറ്റു ലഭിച്ച തുകയില്‍ നിന്നു ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി ഗോപാലന് കൈമാറിയത്. അരലക്ഷം രൂപയാണ് ഉല്ലു നല്‍കിയത്.
സ്കൂളധികൃതരും കുടുംബശ്രി പ്രവര്‍ത്തകരും കൂട്ടായി ശ്രമിച്ചപ്പോള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഉല്ലുവിന്റെ പേനകള്‍ വിറ്റുതീരുകയായിരുന്നു. എന്ന് നിന്റെ മൊയ്തീന് എന്ന സിനിമ പ്രമേയമായ ജീവിതകഥയിലെ നായികയും സാമൂഹ്യ പ്രവര്‍ത്തകയുമായ കാഞ്ചനമാലയാണ് തുക ഉല്ലുവിനു കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ഒരുപാട് പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്രയും ഹൃദയസ്പര്‍ശിയായ പരിപാടി ആദ്യമാണെന്നു അവര്‍ പറഞ്ഞു. പാലക്കാട് പുതുക്കോട് സ്വദേശിയായ പരേതനായ മുഹമ്മദ് ഹനീഫയുടെയും ഉമൈബയുടെയും ഇളയമകളായ ഉല്ലു(31)വിന് ഇരുകയ്യുകളും ഇല്ലെന്നു മാത്രമല്ല കാലുകള്‍ക്കു വ്യത്യസ്ത ഉയരവുമാണ്. ഈ കുറവുകളെയൊക്കെ അതിജീവിച്ച് ആയിരക്കണക്കിനു പേനകളാണ് ഉല്ലു നിര്‍മിക്കുന്നത്. ഗ്രീന്‍പാലിയേറ്റീവ് അംഗവും കൂട്ടുകാരിയുമായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി സുഹ്റയാണ് ഉല്ലുവിന്റെ കഴിവുകള്‍ക്കു പിന്തുണയേകുന്നത്.
നല്ല ചിത്രകാരിയും പാട്ടുകാരിയും കൂടിയാണ് ഉല്ലു. പേപ്പര്‍പേന നിര്‍മിക്കാന്‍ പഠിപ്പിക്കാനായി ഒറ്റപ്പാലത്തെ ഹാന്ഡിക്രാഫ്ററ് കോര്‍പറേഷനിലെ ശിവമണി എന്ന അധ്യാപകന് ഉല്ലുവിന്റെ വീട്ടിലെത്തിയതും സുഹ്റയുടെ ശ്രമഫലമായി തന്നെ ആയിരുന്നു. സ്സ്വന്തമായി ഒരു വീടെന്ന ഉല്ലുവിന്റെ സ്വപ്നം സഫലമാക്കാനുള്ള ശ്രമവും നടന്നുവരികയാണ്.