കോട്ടയം: പീഡന പരാതിയില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ കൂകിവിളിച്ച് ജനക്കൂട്ടം. രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് പാല മജിസ്ട്രേറ്റ് കോടതി ഉത്തരവിറക്കിയതിന് പിന്നാലെ കോടതിക്ക് പുറത്തിറങ്ങിയപ്പോഴാണ് പീഡനവീരാ എന്ന് കൂകിവിളിച്ച് ജനങ്ങള്‍ എത്തിയത്.
പാലാ കോടതിക്ക് പുറത്തും വഴിയരികിലും വന്‍ജനക്കൂട്ടമായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെ കൊണ്ടുവരുന്നതറിഞ്ഞ് തടിച്ചുകൂടിയത്. ഫ്രാങ്കോയെ വാഹനത്തില്‍ നിന്ന് ഇറക്കിയപ്പോഴും വലിയ തോതില്‍ ജനങ്ങള്കൂകിവിളിച്ചിരുന്നു.
വൈദ്യപരിശോധനക്കായി ഫ്രാങ്കോയെ കൊണ്ടുവന്നപ്പോഴും വലിയ രീതിയില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. ചുറ്റും നിന്നും കൂക്കിവിളി ഉയരുമ്പോഴും മുഖത്ത് ഒരു ചെറിയ ചിരിയുമായാണ് ഫ്രാങ്കോ വാഹനത്തില്‍ നിന്ന് ഇറങ്ങിയത്. ഫ്രാങ്കോയെ കൊണ്ടുവരുന്ന വഴിയിലെല്ലാം കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഓരോ സ്റ്റേഷന് പരിധിയിലും അതാത് സ്റ്റേഷനിലെ പോലീസുകാരാണ് വാഹനവ്യൂഹത്തിന് സുരക്ഷ ഒരുക്കിക്കൊണ്ടിരിക്കുന്നത്.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി തെളിവെടുപ്പ് ഇന്ന് ഉണ്ടാവില്ലെന്നാണ് അറിയുന്നത്. കുറുവിലങ്ങാട് മഠത്തിലെ 20 ാം നമ്പര്‍ മുറിയില്‍ ബലാത്സംഗം ചെയ്തു എന്നാണ് കന്യൂസ്ത്രീയുടെ മൊഴി. അത് അടിസ്ഥാനപ്പെടുത്തി അവിടെ മാത്രമായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക.
അന്വേഷണസംഘത്തിന്റെ അപേക്ഷയില്‍ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം.
ഏഴ് മണിക്കൂറോളം ജലന്ധറിലും മൂന്ന് ദിവസം തൃപ്പൂണിത്തറയിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കെട്ടിച്ചമച്ച കേസാണെന്നും തന്റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് എടുത്തു എന്നും ഫ്രാങ്കോ മുളയ്ക്കലും കോടതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ വിധിപറയുന്നതിനായി ഉച്ചയ്ക്ക് കോടതി ചേര്‍ന്നയുടന്‍ ഫ്രാങ്കോ മുളയ്ക്കലിനെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30വരെ പോലീസ് കസ്റ്റഡിയില്‍ വിടുന്നുവെന്നും ജാമ്യാപേക്ഷ തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.