കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും തിരിച്ചടി. ബിഷപ്പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. രണ്ട് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിടാനും ഉത്തരവ്. പാലാ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇന്നുച്ചയ്ക്ക് 2.30 മുതല്‍ 24ന് ഉച്ചയ്ക്ക് 2.30 വരെയാണ് കസ്റ്റഡി കാലാവധി.
കസ്റ്റഡിയില്‍ നല്‍കുന്നതിനെ ബിഷപ്പിന്റെ അഭിഭാകന് ശക്തമായി എതിര്‍ത്തിരുന്നു. രക്തസാംപിളും ഉമിനീര് സാംപിളും പോലീസ് ബലമായി ശേഖരിച്ചെന്ന് അപേക്ഷയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇവയെല്ലം തള്ളി കൊണ്ടായിരുന്നു ബിഷപ്പിന് ജാമ്യം നിഷേധിച്ചത്. കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.
തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.