മാവേലിക്കര: ഏകമകനും ഭര്‍ത്താവും മരിച്ചിട്ട് ഒമ്പതു വര്‍ഷമായി ഒറ്റയ്ക്ക് താമസിക്കുന്ന ഏലിയാമ്മയുടെ ദുരിത ജീവിതമിങ്ങനെ… തിരിഞ്ഞുനോക്കാനാരുമില്ല, എഴുന്നേല്ക്കാന് നിവൃത്തിയില്ല, ഏലിയാമ്മ വീട്ടില്‍ പുഴുവരിച്ചു കിടക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങള്‍. ചെട്ടികുളങ്ങര ഈരേഴ വടക്ക് തയ്യിലേത്ത് ഏലിയാമ്മ(72)യ്ക്കാണ് ഈ ദുരവസ്ഥ.
ഭര്‍ത്താവ് ജോണ്‍ കോശിയും ഏകമകന് റെജിയും മരിച്ചതോടെ ഒമ്പതു വര്‍ഷമായി ഒറ്റയ്ക്കാണ് ഇവരുടെ താമസം. മൂന്നു മാസമായി എഴുന്നേറ്റു നില്ക്കാന് സ്ഥിതിയിലാണിപ്പോള്‍ ഏലിയമ്മ. ആവശ്യത്തിന് ആഹാരം പോലും കിട്ടാതെ എല്ലും തോലുമായി. പ്രാണന് ശേഷിക്കുന്നതുതന്നെ അയല്‍വാസികളുടെ കാരുണ്യത്തില്‍.
മകന് റെജി 15 വര്‍ഷം മുമ്പു സൗദിയില്‍ മരിച്ചു. മരുമകള്‍ മറ്റൊരു വിവാഹം കഴിച്ചുപോയി. ഇതോടെ ഏലിയാമ്മ ഒറ്റപ്പെടലിന്റെ തുരുത്തിലായി. ഒരു വര്‍ഷം മുമ്പു വീണു കാലൊടിഞ്ഞതോടെ ആശുപത്രിവാസം. പിന്നീടു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീണ്ടും വീണു നട്ടെല്ലിനു പൊട്ടലേറ്റു. ഇടവക വികാരിയടക്കമുള്ളവര്‍ ചേര്‍ന്നു ചികിത്സ തരപ്പെടുത്തി. ഹോംനഴ്സിനെയും നല്കി.
പക്ഷേ അവരും ഇട്ടിട്ടുപോയതോടെ സ്വന്തം നിഴല്‍ മാത്രമായി ഏലിയാമ്മയ്ക്കു കൂട്ട്. ഇതിനിടെ കട്ടിലില്‍നിന്നു വീണു രണ്ടു ദിവസം തറയില്‍ കിടന്നു. ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണു നാട്ടുകാര്‍ കണ്ടത്. ഒരാഴ്ച മുമ്പ് അയല്‍വാസികള്‍ ചേര്‍ന്നു കുളിപ്പിച്ചു വൃത്തിയാക്കി. പക്ഷേ, അപ്പോഴും പുഴുവരിച്ച നിലയിലുള്ള ഏലിയാമ്മയെ ആശുപത്രിയിലാക്കാന്‍ ആരുമില്ല.