റാന്നി: വന്യമൃഗങ്ങളുടെ വിളയാട്ടം ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിക്കാനിടയായത് റാന്നി നിവാസികള്‍ക്ക് ഭീഷണിയായി. വനാതിര്‍ത്തി കടന്ന് നാട്ടിന്‍പുറത്തും സര്‍വസാധാരണമായിരിക്കുന്ന കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കൃഷിയും നശിപ്പിക്കുന്നു.
മുന്‍കാലങ്ങളില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നു മാത്രം ഉണ്ടായിരുന്ന വന്യമൃഗ ഭീഷണി ഇപ്പോല്‍ ഗ്രാമങ്ങളും കടന്ന് ടൗണിലും എത്തിയിരിക്കുകയാണ്. കാര്‍ഷിക മേഖലയായ പുതുശേരിമലയില്‍ കുരങ്ങന്മാരുടെ ശല്യം കാരണം ഒരു കൃഷിയും ചെയ്യാന്‍ പറ്റില്ല. വീട് അടച്ച് സുരക്ഷിതമാക്കിയില്ലെങ്കില് വീട്ടു സാധനങ്ങള്‍ വരെ നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ട്. വനമേഖലയില്ലാത്ത റാന്നി പഞ്ചായത്തിലും കാട്ടുപന്നിയുടെയും കുരങ്ങന്റെയും ആക്രമണം രൂക്ഷമാണ്. ഒരു വര്‍ഷം മുമ്പ് കോഴഞ്ചേരി റാന്നി റോഡില്‍ ബൈക്കില്‍പോയ വൈദികനെ കാട്ടുപന്നി കുത്തി വീഴ്ത്തിയിരുന്നു. റാന്നി ടൗണിനടുത്ത് തോട്ടമണ്‍ കണ്ടത്തിന്റെ ഭാഗത്ത് ബൈക്ക് യാത്രക്കാരന് നേരത്തേ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
നാട്ടിലിറങ്ങിയ ഉപദ്രവകാരികളായ ഇത്തരം വന്യമൃഗങ്ങളെ തിരികെ വനത്തിലെത്തിക്കാനുള്ള സത്വര നടപടി വനംവകുപ്പ് സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ ജീവനുകള്‍ അപകടത്തിലാകും. റാപ്പിഡ് റെസ്പോണ്‍സ് ടീം ഉണ്ടെങ്കിലും നാട്ടുകാര്‍ വിളിച്ചുപറയുമ്പോല്‍ പാമ്പിനെ പിടികൂടുക മാത്രമാണ് അവരുടെ പണി. ജനവാസമേഖലയിലുള്ള വന്യമൃഗങ്ങളെ കെണിവച്ച് പിടിച്ചുകൊണ്ടുപോകാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഇല്ലെങ്കില്‍ ഇവയുടെ ഉപദ്രവം വര്‍ധിക്കും.