തിരുവനന്തപുരം: കേരളത്തില്‍ ഹൃദ്രോഗത്തിലും പക്ഷാഘാതത്തിലും വന്‍വര്‍ധന. 26 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഹൃദ്രോഗവും പക്ഷാഘാതവും വര്‍ധിച്ചെന്ന് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസിന്റെ പഠനത്തില്‍ വെളിപ്പെടുത്തുന്നു. 1990 മുതല്‍ 2016 വരെ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ മാറ്റത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍.
കേരളത്തില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ 80 ശതമാനമാണ് വര്‍ധിച്ചത്. ഇന്ത്യയിലെ നാലുസംസ്ഥാനങ്ങളില് കേരളം മുന്നില്‍ നില്ക്കുമ്പോള് തൊട്ടുപിന്നിലായി മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണുള്ളത്. പക്ഷാഘാതം ഏറ്റവും കൂടുതല്‍ പശ്ചിമബംഗാളിലും രണ്ടാമത് കേരളത്തിലുമാണ്. 1990ല്‍ രാജ്യത്തെ ഹൃദയാഘാതബാധിതര് ഒരുകോടിയായിരുന്നുവെങ്കില് 2016ല്‍ രണ്ടുകോടി 38 ലക്ഷമായി. ബില്‍ഗേറ്റ്സിന്റെ നേതൃത്വത്തിലുള്ള ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് റിസര്‍ച്ച്, കേന്ദ്ര ആരോഗ്യകുടുംബക്ഷേമ വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പഠനം നടത്തിയത്.
1990ലെ കണക്കുകള്‍ പ്രകാരം ഹൃദ്രോഗം 15.2 ശതമാനം മരണകാരണവും 6.9 ശതമാനം ജീവിതശൈലി വൈകല്യങ്ങള്‍ക്കും കാരണമാകുന്നുവെങ്കില്‍ 2016 ലെ കണക്കുകള്‍ പ്രകാരം ഇത് യഥാക്രമം 28.1 ശതമാനവും 14.1 ശതമാനവുമായി വര്‍ധിച്ചു. 2016ലെ കണക്കില്‍ ഹൃദ്രോഗം ഒമ്പത് ഇരട്ടിയും പക്ഷാഘാതം ആറിരട്ടിയും റുമാറ്റിക് ഹൃദ്രോഗം നാലിരട്ടിയുമായി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് എന്നിവയുടെ തോതും ഏറിയിട്ടുണ്ട്. പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു. ആഹാരരീതിയിലെ വ്യതിയാനം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അന്തരീക്ഷമലിനീകരണം, കൊളസ്ട്രോള്‍, പുകയിലയുടെ ഉപയോഗം എന്നിവയാണ് രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി പറയുന്നത്. ട്രിവാന്‍ഡ്രം ഹാര്‍ട്ട് ഫെയില്യുവര്‍ രജിസ്ട്രി, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ പഠനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.