ചേര്‍പ്പ്: വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ല് ഒരു പരിതി വരെ അര്‍ത്ഥവത്തായിരിക്കുകയാണ് തൃശ്ശൂരിലെ ചേര്‍പ്പ് നഗരത്തില്‍. ഇത്തവണ ചക്ക കായ്ച്ചത് വേരിലല്ല, മറിച്ച് കടപ്ലാവിലാണെന്ന് മാത്രം.
ചേര്‍പ്പ് ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ പട്ടത്ത് സുനില്‍കുമാറിന്റെ വീട്ടുപറമ്പിലാണ് അത്യപൂര്‍വ്വമായ സംഭവം. നിരവധി പേരാണ് അപൂര്‍വ്വ പ്രതിഭാസം കാണാനെത്തിയത്. കടപ്ലാവില് കടചക്കയ്ക്കു പകരം നിറയെ കായ്ച്ചിരിക്കുന്നത് നല്ല ഒന്നാന്തരം വരിക്ക ചക്കയാണെന്ന് നിസ്സംശയം പറയാം.
നിറയെ മുള്ളുകളുള്ള ചക്കകള്‍ വെട്ടി നോക്കിയപ്പോള്‍ നിറയെ ചുളകളും അസല്‍ ചക്കക്കുരുവും. മണം കടച്ചക്കയുടേതിനു സമം. കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ക്കും കൗതുകമായിരിക്കുകയാണ് ഈ കടപ്ലാവും ചക്കകളും.