മാന്നാര്‍; കേരളത്തിലുണ്ടായ പ്രളയം കവര്‍ന്നെടുത്ത പാണ്ടനാട്ടില്‍ വീടുകള്‍ നഷ്ടപ്പെട്ട് തല ചായ്ക്കാനിടമില്ലാതായതോടെ എട്ട് കുടുംബങ്ങളിലെ 30ഓളം ആളുകള്‍ ദുരിതത്തില്‍. അന്തിയുറങ്ങുന്നത് ഇന്നും ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ. പണ്ടനാട് പടിഞ്ഞാറ് ഒത്തന്റെകുന്നിന്‍ കിക്കേതില്‍ സുദേവന്, പഞ്ചമന്‍, അജി, അനില്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കും കുന്നിന്‍തറയില്‍ മധു, ജനാര്ദ്ദനന്, ഗോപാലന്, ആറ്റുമാലിയില്‍ ജോഷ്നി എന്നിവര്‍ക്കുമാണ് വീടുകള്‍ നഷ്ടപ്പെട്ടത്.
തല ചായ്ക്കാനിടമില്ലാതായതോടെ ഇവര്‍ ഇപ്പോഴും പാണ്ടനാട് ഗവ: ഹോമിയോ ആശുപത്രി കെട്ടിടത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ് അന്തിയുറങ്ങുന്നത്. രാത്രിയിലെ ഉറക്കത്തിനിടയില്‍ ജലപ്രളയം കണ്ട ആള്ക്കാര് പ്രാണരക്ഷാര്‍ഥം കഴിഞ്ഞ 16ന് വീടു വിട്ട് ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയതാണ്.
അഭയം തേടാന്‍ ഇപ്പോഴും സ്ഥലമില്ലാത്തതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണിവര്‍. ദുരിത ജീവിതത്തിനൊടുവില്‍ ക്യാമ്പില്‍ നിന്ന് പോയി നോക്കിയപ്പോള്‍ ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് അവര്‍ക്ക് കാണേണ്ടി വന്നത്.
വെള്ളം ഇരച്ച് കയറി വീടുകള്‍ ആകെ നാശമായി. വീടിന്റെ മേല്‍ക്കൂര നിലംപതിച്ചു. ഭിത്തികള്‍ പൊട്ടി. വീട്ടുപകരണങ്ങള്‍ ഉള്‍പ്പടെ എല്ലാ ഉപയോഗസാധനങ്ങളും പൂര്‍ണമായും നശിച്ചു. ഇതോടെ ഇനിയുള്ള ജീവിതം എങ്ങനെയെന്ന അങ്കലാപ്പിലാണ് ഇവര്‍.