കണ്ണൂര്‍: കൂടുതല്‍ ടൂറിസം സാധ്യത മുന്‍നിര്‍ത്തി പയ്യാമ്പലം ബീച്ച് അടിമുടി മാറ്റത്തിനായി ഒരുങ്ങുന്നു. വിനോദ സഞ്ചാരികള്‍ക്ക് കടല്‍ക്കാറ്റേറ്റ് മണിക്കൂറുകളോളം കടലിന്റെ സൗന്ദര്യമാസ്വദിക്കാനും സൂര്യോദയം കാണാനും പറ്റുന്ന രീതിയിലായിരിക്കും പുതിയ മുഖം മിനുക്കല്‍. കണ്ണൂര്‍ വിമാനത്താവളം യാത്രാസജ്ജമാകുന്നതോടെ നിരവധി സഞ്ചാരികളെയാണ് ഇവിടേയ്ക്ക് പ്രതീക്ഷിക്കുന്നത്. പയ്യാമ്പലത്തെ പ്രമുഖരുടെ സ്മൃതി മണ്ഡപംകൂടി ഉള്‍പ്പെടുത്തിയാണ് സൗന്ദര്യവല്കരണം.
വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, കോര്പറേഷന് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പയ്യാമ്പലം നടപ്പാലത്തിന്റെ ഇടതുവശത്തായി വാച്ച് ടവറിന്റെ ആകൃതിയില്‍ ബാംബു കഫെയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. രണ്ട് നിലകളിലായി മുളയില്‍ നിര്‍മിക്കുന്ന കഫേയുടെ മുകള്‍ തട്ടിലിരുന്നു വിനോദസഞ്ചാരികള്‍ക്ക് ലഘുഭക്ഷണം കഴിക്കാനും കടല്ത്തീരകാഴ്ചകള് കാണാനും കഴിയും. സോളാര്‍ വൈദ്യുതിയിലാണ്് കഫേ പ്രവര്‍ത്തനം. സമീപത്തായി ബീച്ച് ജിംന്വേഷ്യവും കുട്ടികള്‍ക്കുള്ള റോക്ക് ക്ലൈമ്പിങ് മതിലും കടലിന്റെ ദൃശ്യങ്ങള്‍ ഫോട്ടോ ഫ്രയിമിലെന്ന വണ്ണം ചിത്രീകരിക്കാനാവുന്ന കണ്ണൂര്‍ ഐയുമുണ്ട്.
എതിര്‍വശത്തായി കടല്‍തീരത്ത് ശ്മശാനം സ്ഥിതിചെയ്യുന്ന സ്ഥലംവരെ നടപ്പാത നിര്‍മിക്കുന്ന പ്രവൃത്തി നടക്കുകയാണ് ശ്മശാനത്തിനപ്പുറം മുതല്‍ പള്ളിയാംമൂല വരെ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നടപ്പാതയും ഒരുങ്ങുന്നു. ഈ ഭാഗത്തും മഴ ഷെല്‍ട്ടറും ഇരിപ്പിടങ്ങളും ഉണ്ടാവും. മൂന്ന് കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇരിക്കാനുള്ള ബഞ്ച്, വെയിലും മഴയും കൊള്ളാതിരിക്കാനുള്ള ഷെല്‍ട്ടര്‍ എന്നിവയൊക്കെ 2.28 കോടിയുടെ ടൂറിസം വകുപ്പിന്റെ പദ്ധതിയിലുണ്ട്.
പയ്യാമ്പലത്തെ രണ്ട് പാലങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് മീറ്റര്‍ വീതിയിലുള്ള നടപ്പാത അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്‍പറേഷനും നിര്‍മിക്കുന്നു. നേതാക്കളുടെ സ്മൃതി മണ്ഡപം നില്ക്കുന്ന സ്ഥലത്തോട് ചേര്‍ന്നാണ് നടപ്പാത. നിലവിലുള്ള നടപ്പാലത്തിന് അടിയിലൂടെ ഒഴുകുന്ന വെള്ളത്തിന് അഭിമുഖമായാണ് നടപ്പാത. ഇരിപ്പിടം, സെക്യൂരിറ്റി ക്യാബിന് എന്നിവയൊക്കെയുണ്ടാകും. ഇതുവഴി ഒഴുകുന്ന മലിന ജലം ശുദ്ധീകരിച്ച് കടലിന്റെ ആഴങ്ങളിലേക്ക് തള്ളിവിടാനുള്ള മറ്റൊരു പദ്ധതിയും ഇതിനൊപ്പം നടപ്പാക്കുന്നുണ്ട്. അതോടെ അതുവഴിയുള്ള മലിന്യജലവും ഇല്ലാതാവും. ഈ വെള്ളം കടലിന്റെ ആഴങ്ങളില്‍ തള്ളുന്നതിന് സഹായകരമാവുന്ന പുലിമുട്ടും പദ്ധതിയിലുണ്ട്. കടലിലേക്ക് 200 മീറ്ററോളം നടന്നും ചെറുവാഹനങ്ങളിലും പോകാവുന്ന പദ്ധതി ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. 12 കോടി രൂപയാണ് അമൃതം പദ്ധതിയില്‍ ഇതിനായി നീക്കിവച്ചത്. കൂടാതെ പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്ന് തുടങ്ങി പയ്യാമ്പലത്ത് അവസാനിക്കുന്ന സൈക്കിള്‍ പാതയും നിര്‍മിക്കുന്നുണ്ട്.