തൃശ്ശൂര്‍: പ്രളയം ഏറെ നാശം വിതച്ച നഗരമാണ് ചാലക്കുടി. ഇപ്പോഴും പ്രളയക്കെടുതിയില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായിട്ടില്ല ചാലക്കുടിക്കാര്‍ എന്നു വേണം പറയാന്‍. പ്രളയത്തില്‍ ഏറ്റവും ദുരിതം വിദ്യാര്‍ത്ഥികള്‍ക്കാണ്. നാളിത്രയും എഴുതി കൂട്ടിയ പുസ്തകങ്ങളും മറ്റുമാണ് ഒറ്റയടിയ്ക്ക് നഷ്ടമായത്. ഇവയില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളും ഉണ്ട്. ഇവര്‍ക്കായുള്ള കഠിന പ്രയ്തനത്തിലാണ് വൈദ്യുതിബോര്‍ഡ് ജീവനക്കാരനായ സിഡി ഫ്രാന്‍സിസ്.
സ്വന്തമായി ബുക്ക് തുന്നി സ്കൂകളില്‍ എത്തിച്ചാണ് കൂനംമൂച്ചി ഇലക്ട്രിക് സെക്ഷനിലെ ലൈന്മാനായ സിഡി ഫ്രാന്‍സിസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. ഇതുവരെ മൂന്നോറോളം നോട്ടു പുസ്തകങ്ങളാണ് എത്തിച്ച് നല്‍കിയത്. ചാലക്കുടി സര്‍ക്കാര്‍ ഈസ്റ്റ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പുസ്തകങ്ങള്‍ നല്‍കിയത്. കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ പുസ്തകങ്ങള്‍ നല്‍കും- ഫ്രാന്‍സിസ് പറഞ്ഞു. പ്രളയത്തിലകപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും സഹായം നല്‍കണമെന്ന ആഗ്രഹമാണ് പുസ്തക നിര്മ്മാണത്തിലേക്കെത്തിച്ചത്.
സ്കൂളില്‍ പഠിക്കുമ്പോള്‍ പ്രവൃത്തി പരിചയ മേളയില്‍ നോട്ടുബുക്ക് നിര്‍മ്മാണത്തില്‍ ഫ്രാന്‍സിസിന് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഈ പരിചയമാണ് തുണയായത്. ജോലി കഴിഞ്ഞുള്ള സമയങ്ങളിലാണ് പുസ്തക നിര്‍മ്മാണം. വിപണിയില്‍ 30രൂപയോളം വിലവരുന്ന പുസ്തകങ്ങള്‍ നിര്‍മ്മിക്കാന്‍ 20രൂപയില്‍ താഴെയാണ് ചെലവായത്. സഹപ്രവര്‍ത്തകരുടേയും സുഹൃത്തുക്കളുടെയും സഹകരണവും തുണയായി.