തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും കയറുമെന്ന ഉറച്ച പ്രതീക്ഷയാണ് ദിനംപ്രതി കേരളത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.സംസ്ഥാന പുനര്‍നിര്‍മിതി സന്ദേശവുമായി കോളേജ് വിദ്യാര്‍ഥിയുടെ സോളോ ബൈക്ക് യാത്രയാണ് ഇത്തവണ വ്യത്യസ്തമാക്കുന്നത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സ്വാതി ഷായാണ് സര്‍ക്കാരിന്റെ സംസ്ഥാന പുനര്‍നിര്‍മാണ ശ്രമത്തിന്റെ പ്രചാരണാര്‍ഥം കന്യാകുമാരിമുതല്‍ കശ്മീര്‍വരെ ബൈക്ക് യാത്ര നടത്തുന്നത്. പ്രളയത്തെ കൂട്ടായ്മയും നിശ്ചയദാര്‍ഢ്യവും കൊണ്ട് അതിജീവിച്ച സംസ്ഥാന ജനതയുടെ പുനരുദ്ധാരണത്തിനായുള്ള വിഭവസമാഹരണ ബോധവല്‍ക്കരണമാണ് ബൈക്ക് യാത്രയുടെ ലക്ഷ്യം. ചെമ്പഴന്തി എസ്എന്‍ കോളേജ് ഒന്നാം വര്‍ഷ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയായ സ്വാതി ഷാ പേരൂര്‍ക്കട സ്വദേശിയാണ്.
കശ്മീര്‍ ബൈക്ക് റൈഡ് മോഹം സാക്ഷാല്‍ക്കരിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് സംസ്ഥാനം മഹാപ്രളയത്തിന്റെ പിടിയിലായത്. ഇതോടെ സ്വപ്നങ്ങള്‍ക്ക് അവധി നല്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും നഗരത്തില്‍ പ്രവര്‍ത്തിച്ച സ്വാതി ഷാ വിഭവസമാഹരണ കേന്ദ്രങ്ങളിലും സജീവമായി. പ്രളയദിനത്തില്‍ മലയാളി സമൂഹമൊന്നാകെ പ്രകടിപ്പിച്ച സഹവര്‍ത്തിത്വം ലോകത്തിനാകെ മാതൃകയായിരുന്നു. എന്നാല്‍, ദുരിതത്തില്‍ അകപ്പെട്ട ജനങ്ങളെ കൈപിടിച്ചുയര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ തകര്‍ക്കാനുള്ള സംഘടിത ശ്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തേണ്ടത് അവശ്യമാണ്. ഈ ബോധ്യമാണ് യാത്രയ്ക്ക് പ്രചോദനമായതെന്ന് സ്വാതി ഷാ പറയുന്നു.
ബുധനാഴ്ച വൈകിട്ട് റോയല്‍ എന്‍ഫീല്‍ഡില്‍ മാനവീയം വീഥിയില്‍ നിന്നാരംഭിച്ച യാത്ര കന്യാകുമാരിയിലേക്ക്. അവിടെനിന്ന് വ്യാഴാഴ്ച രാവിലെ ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുക’ എന്ന സന്ദേശവുമായി കശ്മീരിലേക്ക്. 20 ദിവസത്തിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കി കന്യാകുമാരികശ്മീര് സോളോ റൈഡ് പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയെന്ന ലോക റെക്കോഡ് സ്വന്തമാക്കാനാണ് ശ്രമം.