ഗുരുവായൂര്‍: ഗുരുവായൂരിലെ പുതിയ നടപ്പാതയുടെ നിര്‍മ്മാണോദ്ഘാടനം കലാശിച്ചത് അപകടത്തില്‍. ഉദ്ഘാടനത്തിനായി എത്തിച്ച ജെസിബിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ സഹായത്തോടെ പ്രവര്‍ത്തിപ്പിച്ച ജെസിബിയിലേയ്ക്ക് നഗരസഭാ ചെയര്‍പേഴ്സണ്‍ ഒപ്പം കയറുകയായിരുന്നു. ആ നിമിഷം തന്നെ വാഹനത്തിന്റെ നിയന്ത്രണവും വിടുകയായിരുന്നു. സമീപത്തെ ഇരുമ്പു വേലിയും തകര്‍ത്ത് പാഞ്ഞ ജെസിബിയുടെ അരികു ഭാഗം തട്ടി വനിതാ കൗണ്‍സിലര്‍ക്ക് പരിക്കേറ്റു.
നഗരസഭയിലെ അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ സവിത സുനിലിനാണ് പരിക്കേറ്റത്. മുതുവട്ടൂരിലെ ആശുപത്രിയില്‍ പ്രഥമചികിത്സയ്ക്കുശേഷം വിട്ടയച്ചു. കഴിഞ്ഞ ദിവസം നഗരസഭയുടെ ഗാന്ധിസ്മൃതി മണ്ഡപത്തിന്റെ കവാടത്തിനു മുന്നിലായിരുന്നു സംഭവം. അമൃത് പദ്ധതിയുടെ ഭാഗമായുള്ള കാനയുടെയും നടപ്പാതകളുടെയും നവീകരണത്തിന്റെ ഉദ്ഘാടനമായിരുന്നു നടന്നിരുന്നത്. ഇതിനായി കൊണ്ടുവന്ന ജെസിബിയില്‍ ചെയര്‍പേഴ്സണും കയറിയിരുന്നു.
ഡ്രൈവറുടെ സഹായത്തോടെ ജെസിബി പെട്ടെന്ന് എടുത്തപ്പോള്‍ വണ്ടിയുടെ അരികുഭാഗം റോഡരികിലെ ഇരുമ്പുവേലിയില്‍ ഇടിക്കുകയും സമീപത്ത് നിന്നിരുന്ന കൗണ്‍സിലര്‍ക്ക് കൈയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. മറ്റ് കൗണ്‍സിലര്‍മാര്‍ മാറിയതോടെ അവര്‍ക്ക് പരിക്കേറ്റില്ല. ഉടന്‍തന്നെ ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സിലറെ ആശുപത്രിയിലെത്തിച്ചു. കൈയ്ക്ക് നിസ്സാര പരിക്കേയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പൊതുസ്ഥലത്ത് ജെസിബി ഓടിച്ചതും അതില്‍ ചെയര്‍പേഴ്സണ്‍ കയറിയിരുന്നതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലന് വാറണാട്ട് പോലീസില്‍ പരാതി നല്കി.