തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളം വാര്‍ത്തെടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിന് വിസമ്മതം മൂളിയത് 228 പേര് മാത്രം. സെക്രട്ടേറിയറ്റിലെ 4700 ജീവനക്കാരിലെ 228 പേരാണ് വിസമ്മതം അറിയിച്ചിട്ടുള്ളത്. സാലറി ചലഞ്ചില്‍നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ അത് അറിയിക്കാന്‍ ഇനി ഒരു പ്രവര്‍ത്തിദിവസം കൂടിയേയുള്ളൂ. ശനിയാഴ്ചയാണ് വിസമ്മതം അറിയിക്കാനുള്ള അവസാന ദിനം. വ്യാഴവും വെള്ളിയും അവധി ദിനങ്ങളാണ്.
സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തില്‍നിന്ന് 150 പേരും ധനകാര്യസെക്രട്ടേറിയറ്റിലെ 70 പേരും നിയമവിഭാഗത്തിലെ എട്ടുപേരുമാണ് ഇതുവരെ വിസമ്മതം അറിയിച്ചതെന്ന് സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, സംസ്ഥാനത്താകെ 40 ശതമാനം പേരെങ്കിലും സാലറി ചലഞ്ചില്‍നിന്ന് വിട്ടുനില്‍ക്കുമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ അവകാശപ്പെടുന്നത്. സാലറി ചലഞ്ചില്‍ പരമാവധി പേരെ പങ്കെടുപ്പിക്കാന്‍ ഭരണപക്ഷ സംഘടനകള്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.
ശമ്പളം സംഭാവന ചെയ്യാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനായി ഉദാരമായ വായ്പാ പദ്ധതികളുമായി സഹകരണസംഘങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണസംഘം ആറുശതമാനം പലിശയ്ക്കാണ് വായ്പ നല്‍കുന്നത്. ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നവര്‍ക്ക് മാത്രമാണിത്. 40 തവണകളായി തിരിച്ചടച്ചാല്‍ മതി. കേരള സര്‍വകലാശാലാ ആസ്ഥാനത്തെ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒരുലക്ഷം രൂപവരെ പലിശരഹിത വായ്പ പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് തുല്യതവണകളായി തിരിച്ചടയ്ക്കണം. മുടങ്ങുന്ന ഗഡുവിന് ഏഴുശതമാനം പലിശ നല്‍കണം.