തിരുവനന്തപുരം: പ്രളയാനന്തരം തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സാലറി ചലഞ്ചില്‍ ജീവനക്കാര്‍ക്ക് ഇളവ് നല്കി കെഎസ്ആര്‍ടിസി ഉത്തരവിറക്കി. ഒരു മാസത്തെ ശമ്പളത്തിനു പകരം തുക എത്രയെന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
നവ കേരളം കെട്ടിപ്പടുക്കുന്നതിനായ് ഒരു മാസത്തെ ശമ്പളം സംഭവന ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 11നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ഉത്തരവ് പല പൊതുമേഖലാ സ്ഥാപനങ്ങളും അതേപടി നടപ്പാക്കി. എന്നാല്‍ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷം കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഇറക്കിയ ഉത്തരവാണിത്. ജീവനക്കാര്‍ക്ക് തങ്ങളുടെ കഴിവിനനുസരിച്ചുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാം.
ദുരിതാശ്വസാ നിധിയിലേക്ക് സംഭാവന ചെയ്യുന്ന ജീവനക്കാര്‍ക്ക് പിഎഫ് വായ്പാ തിരിച്ചടവിന് പത്ത് മാസത്തെ അവധിയും അനുവദിച്ചിട്ടുണ്ട്. സംഭാവന നല്‍കുന്നതിന് വിമുഖതയുള്ള ജീവനക്കാര്‍ ശനിയാഴ്ചക്കകം ഇത് സംബന്ധിച്ച പ്രസ്താവന യൂണിറ്റധികാരിയെ അറിയക്കണമെന്നും എംഡി ടോമിന് തച്ചങ്കിരിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.