കോട്ടയം; കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. രാവിലെ 11ന് തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ബിഷപ് എത്തിയത്. പത്തുമണിക്ക് ഹാജരാകാനായിരുന്നു ബിഷപ്പിനു ലഭിച്ച നിര്‍ദേശം. ക്രൈംബ്രാഞ്ച് ഓഫീസിലെ ഹൈടെക് ചോദ്യം ചെയ്യല്‍ മുറിയിലാകും ചോദ്യംചെയ്യല്‍.
വൈക്കം ഡിവൈഎസ്പി കെ സുഭാഷ് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. ഉടന്‍തന്നെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ബിഷപ് മുതിര്‍ന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി എന്നാണു വിവരം. ഇന്നലെ ഉച്ചയോടെ ബിഷപ് തൃശൂരിലെ ബന്ധുവീട്ടിലേക്കു പോയിരുന്നു. ബിഷപ്പിന്റെ സഹോദരനും രാവിലെ കൊച്ചിയിലെത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രിയോടെയാണു ചോദ്യംചെയ്യല്‍ തൃപ്പൂണിത്തുറയിലാക്കാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച കൊച്ചിയില്‍ ഐജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തിയ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ അവിടെ തങ്ങിയിരുന്നു. അതേസമയം, തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ സുരക്ഷ ശക്തമാക്കി. അന്വേഷണ സംഘം കൊച്ചിയിലെത്തി ഐജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തി. കോട്ടയം എസ്പി ഹരിശങ്കറും ഐജിയുടെ വീട്ടിലെത്തിയിരുന്നു.
തൃപ്പൂണിത്തുറയ്ക്കു പുറമെ വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം എന്നിവിടങ്ങളിലും ചോദ്യംചെയ്യലിനു സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ എന്തെങ്കിലും അസൗകര്യം നേരിട്ടാല്‍ ഈ സ്ഥലങ്ങളിലേക്കു മാറ്റാനാണു പദ്ധതി. ബിഷപ്പിന്റെ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യം കോട്ടയം മെഡിക്കല്‍ കോളജിലാണ് ഒരുക്കിയിട്ടുള്ളത്്.