കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകും. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ രാവിലെ 10ന് ഹാജരാകാനാണു ബിഷപ്പിനു ലഭിച്ച നിര്‍ദേശം.
ക്രൈംബ്രാഞ്ച് ഓഫീസിനോടനുബന്ധിച്ചുള്ള ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രമാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.
ഇവിടുത്തെ ഹൈടെക് ചോദ്യം ചെയ്യല്‍ മുറിയിലാകും ചോദ്യംചെയ്യല്‍. ഇന്നലെ രാത്രിയോടെയാണു ചോദ്യംചെയ്യല്‍ തൃപ്പൂണിത്തുറയിലാക്കാന്‍ തീരുമാനിച്ചത്. ഇന്നലെ കൊച്ചിയില്‍ ഐജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തിയ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ അവിടെ തങ്ങുകയാണ്.
തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ബിഷപ് മുതിര്‍ന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി എന്നാണു വിവരം. ഇന്നലെ ഉച്ചയോടെ ബിഷപ് തൃശൂരിലെ ബന്ധുവീട്ടിലെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറയ്ക്കു പുറമെ വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം എന്നിവിടങ്ങളിലും ചോദ്യംചെയ്യലിനു സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ എന്തെങ്കിലും അസൗകര്യം നേരിട്ടാല്‍ ഈ സ്ഥലങ്ങളിലേക്കു മാറ്റാനാണു പദ്ധതി. ബിഷപ്പിന്റെ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യം കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്.