കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന സംഭവത്തില്‍ ജലന്ധര്‍ ബിഷപ്പ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 25 ലേയ്ക്കാണ് മാറ്റിയത്. സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരിക്കുകയാണ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഉടനെ 25 ലേക്ക് മാറ്റുകയായിരുന്നു.
ഏത് വിധേനയും അറസ്റ്റ് ഒഴിവാക്കുക എന്നതായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയിലൂടെ ബിഷപ്പിന്റെ ലക്ഷ്യം. നാളത്തെ ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കുന്ന സമയത്ത് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നയപരമായ തീരുമാനമാണ്. വൈക്കം ഡിവൈഎസ്പി ഓഫീസില്‍ നാളെ രാവിലെ 10 മണിക്ക് ബിഷപ്പ് ചോദ്യം ചെയ്യലിനായി ഹാജരാകണം.
കോടതി തീരുമാനത്തില്‍ പ്രതീക്ഷയെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പറഞ്ഞു. നാളെ ബിഷപ്പിന്റെ അറസ്റ്റ് പ്രതീക്ഷിക്കുന്നില്ലെന്നും കോടതി സത്യത്തിന് വേണ്ടി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും സിസ്റ്റര്‍ അനുപമ പറഞ്ഞു.