ആലപ്പുഴ: പ്രളയത്തില്‍ ഒരേ മനസോടെ ഒറ്റ കെട്ടോടെ നേരിട്ട മലയാളികളെ അഭിനന്ദിച്ചും കേരളത്തെ ഓര്‍ത്ത് അഭിമാനം തോന്നുവെന്ന് വിദേശ വനിത. കണ്ടിട്ടും കണ്ടിട്ടും മതിവരാതെയാണ് ഓരോ തവണയും ഡാഫ്നി റിച്ചാര്‍ഡ്സ് കേരളത്തില്‍ നിന്നും മടങ്ങുന്നത്. 26ാം തവണ വന്നു പോകുമ്പോഴും സംസ്ഥാനത്തെ കുറിച്ച് നല്ല ഓര്‍മകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
വയസ്സ് 86 ആയെങ്കിലും ഇംഗ്ലണ്ടില്‍ നിന്നുള്ള ഡാഫ്നിയുടെ ഓരോ വരവും തനിച്ചാണ്. എന്തിനു പേടിക്കണം എന്ന മട്ടിലൊരു ചിരിയോടെ അവര്‍ പറയുന്നു: ‘ഞാന്‍ തനിച്ചു സഞ്ചരിക്കുന്നതില്‍ മക്കള്‍ക്കു ഭയമില്ല. എനിക്ക് ഒട്ടുമില്ല.’ 2002 മുതല്‍ ഡാഫ്നി കേരളം കാണുന്നു. ഇപ്പോള്‍ വര്‍ഷത്തില്‍ രണ്ടു തവണ എത്തുന്നു. ഇപ്പോള്‍ ഉള്‍പ്പെടെ 24 തവണയും താമസിച്ചതു മാരാരി ബീച്ച് റിസോര്ട്സിലാണ്.
‘സ്വന്തം വീട്ടിലേക്കെന്ന പോലെയാണ് ഇങ്ങോട്ടുള്ള വരവ്. കേരളത്തിലെ കാലാവസ്ഥ ഇംഗ്ലണ്ടില്‍ നിന്നു വ്യത്യസ്തമാണ്. അതെന്നെ ചെറുപ്പമാക്കുന്നു’ അവര്‍ ചെറുപുഞ്ചിരിയോടെ പറയുന്നു. ‘ഇവിടുത്തെ ഭക്ഷണവും വലിയ ഇഷ്ടമാണ്.’ വിധവയായ ഡാഫ്നി ഇംഗ്ലണ്ടില്‍ പോലീസ് സിഐഡി വിഭാഗം ഓഫിസില്‍ ഉദ്യോഗസ്ഥയായിരുന്നു. സഹപ്രവര്‍ത്തകനെ വിവാഹം കഴിച്ചു. മൂന്ന് ആണ്മക്കളും ഏഴു പേരക്കുട്ടികളുമുണ്ട്.
പക്ഷേ, യാത്രകളില്‍ അവരെയൊന്നും കൂട്ടില്ല. ഇംഗ്ലണ്ടില്‍ ഹാംഷറാണു സ്വദേശം. ഇന്ത്യയില്‍ ഡല്‍ഹി, ആഗ്ര, വാരാണസി, ഉദയ്പുര്‍, ജയ്പുര്‍, ചെന്നൈ, മുംബൈ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഡാഫ്നി പല തവണ പോയിട്ടുണ്ട്. ഇത്തവണ പ്രളയം കഴിഞ്ഞാണ് എത്തിയത്. ‘വാര്‍ത്തകള്‍ നാട്ടില്‍വച്ച് അറിഞ്ഞിരുന്നു. കേരളത്തിലെ പ്രളയത്തില്‍ ദുഃഖിക്കുന്ന ഒരുപാടുപേര് ഇംഗ്ലണ്ടിലുണ്ട്. പ്രളയത്തെ ധീരമായി നേരിട്ടതില്‍ കേരള ജനത അഭിമാനിക്കണം.’ ഡാഫ്നി തിങ്കളാഴ്ച മടങ്ങും. ഫെബ്രുവരിയില്‍ വീണ്ടും വരും.