കൊട്ടാരക്കര: നാടിനെ നടുക്കിയ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് അത്യപൂര്‍വ്വ കാഴ്ചകളാണ് കണ്ടു വരുന്നത്. വെള്ളം കയറിയിടത്തെല്ലം കണ്ണിനു കുളിര്മയേകുന്ന പുത്തന്‍ ബീച്ചുകളും, തിളക്കമേറിയ കല്ലുകള്‍ അടിഞ്ഞു കൂടി പുതിയ തീരം സൃഷ്ടിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അത്യപൂര്‍വ്വമായ കാഴ്ച കൊട്ടാരക്കരയില്‍ കണ്ടത്.
മഴവെള്ളം റോഡിലൂടെ തൂവെള്ളനിറത്തില്‍ പതഞ്ഞൊഴുകിയതാണ് കാഴ്ച, പാല്ക്കടല് പോലെ രണ്ടര കിലോമീറ്ററോളം ദൂരത്തില്‍. അപൂര്‍വകാഴ്ചയുടെ അമ്പരപ്പിലാണ് ഇവിടുത്തുകാര്‍. രാവിലെ പതിനൊന്നോടെ എംസി റോഡില്‍ സദാനന്ദപുരം മുതല്‍ പനവേലി വരെയുള്ള ഭാഗങ്ങളിലായിരുന്നു മഴവെള്ളത്തിന്റെ രൂപമാറ്റം. 10 മിനിറ്റ് നീണ്ട ചെറിയ മഴയിലാണിത്. വാഹനങ്ങളുടെ ചക്രങ്ങളിലും പത പുരണ്ടു.
പ്രളയത്തിനു പിന്നാലെ കണ്ണീര് കാഴ്ചകളായിരുന്നു കൂടുതലും. വെള്ളമിറങ്ങിയതിനു ശേഷം നിറയുന്നത് കണ്ണിന് കുളിര്‍മ നല്കുന്ന കാഴ്കളും. പ്രകൃതി ദുരന്തം നല്‍കിയതിനു ശേഷം സമ്മാനിച്ച പുത്തന്‍ കാഴ്ചകള്‍ കാണാന്‍ കാണികളുടെ തിരക്കും ഏറുകയാണ്.