തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന് രാജ്യത്തിനകത്തും നിന്നും പുറത്തുമായി സംഭാവനകളുടെ പ്രവാഹമാണ്. നവ കേരളം എന്ന മലയാളികളുടെ സ്വപ്നത്തിന് തറക്കല്ലിടാനായി ഇപ്പോഴും വിവിധയിടങ്ങളില്‍ നിന്നും സംഭാവനകളുടെ നിലയ്ക്കാത്ത പ്രവാഹമാണുള്ളത്. നമ്മുടെ കേരളത്തിനായി നാം തന്നെയാണ് പരിശ്രമിക്കേണ്ടതെന്നും, അതിനായി ഒരു മാസത്തെ ശമ്പളം നല്‍കണമെന്നുമായിരുന്നു മുഖ്യമന്ത്രി മുന്നോട്ടു വച്ച ആശയം.
തുടക്കത്തില്‍ കല്ലുകടിയായിരുന്നുവെങ്കിലും അവയെല്ലാം തള്ളി മുഖ്യമന്ത്രിയുടെ വാക്കുകള്‍ ജനം നെഞ്ചിലേറ്റി. ഇപ്പോഴും ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനകള്‍ ഒഴുകിയെത്തുകയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന് ജീവനക്കാരും മാനേജ്മെന്റ് പ്രതിനിധികളും ശമ്പളം ചേര്‍ത്ത് ഏഴര ലക്ഷം രൂപയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
ഏഴര ലക്ഷം രൂപയുടെ ചെക്ക് എന്‍ടിടിഎഫ് ജനറല്‍മാനേജര്‍ ആര് അയ്യപ്പന് മന്ത്രി എകെ ബാലന് കൈമാറി. പോളിടെക്നിക്ക് കോളേജുകളിലേതിന് സമാനമായ കോഴ്സുകള്‍ നടത്തുന്ന പ്രൈവറ്റ് മേഖലയിലെ പ്രമുഖ സ്ഥാപനമാണ് എന്‍ടിടിഎഫ്. കേരളസര്‍ക്കാരുമായി സഹകരിച്ച് പ്രതിവര്‍ഷം മൂന്നൂറോളം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശനം നല്‍കുകയും വിജയിക്കുന്ന എല്ലാവര്ക്കും പ്ലേസ്മെന്റ് ഉറപ്പുവരുത്തുന്നുമുണ്ട്. ഇതിന് പുറമെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി പാലക്കാട് ഒരു കമ്മ്യൂണിറ്റി കോളേജും എന്‍ടിടിഎഫ് നടത്തുന്നുണ്ട്.
സ്ഥാപനത്തിന്റെ ദക്ഷിണേന്ത്യയിലെ വിവിധ ശാഖകളിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും ചേര്‍ന്നാണ് കേരളത്തിന് സഹായം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം സാലറി ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വരുന്നത് പ്രശംസനീയമാണെന്ന് ചെക്ക് ഏറ്റുവാങ്ങിക്കൊണ്ട് മന്ത്രി എകെ ബാലന് പറഞ്ഞു.