പത്തനംതിട്ട: തീര്‍ത്ഥാടകരില്‍ നിന്ന് കെഎസ്ആര്‍ടിസി കൂടുതല്‍ നിരക്ക് ഈടാക്കുന്നതിനെതിരെ ശബരിമല ദേവസ്വം ബോര്‍ഡ് രംഗത്ത്. ആവശ്യമെങ്കില്‍ ബസ് വാടകക്ക് എടുത്ത് സ്വന്തം നിലക്ക് സര്‍വ്വീസ് നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
നിലക്കല്‍ നിന്ന് പമ്പ ത്രിവേണിവരെ 9 രൂപയാണ് കെഎസ്ആര്‍ടിസി വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 31 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് 40 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത്. പ്ലാപ്പള്ളിയില്‍ നിന്നുള്ള നിരക്കെന്നാണ് ടിക്കറ്റില്‍ രേഖപെടുത്തിയിരിക്കുന്നത്. ഏകപക്ഷീയമായാണ് നിരക്ക് കൂട്ടിയതെന്നും കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്താന്‍ ശബരിമല തീര്‍ത്ഥാടകരെ ചൂഷണം ചെയ്യേണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
നിരക്ക് കുറക്കണമെന്നും കൂപ്പണ്‍ സംവിധാനം കൊണ്ട് വരണമെന്നും ദേവസ്വം ബോര്‍ഡ് ഗതാഗത മന്ത്രിയോടും കെഎസ്ആര്‍ടിസി എംഡിയോടും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിരക്ക് വര്‍ധന. 50 ബസുകളാണ് കന്നിമാസ പൂജാ ദേവസങ്ങളില്‍ നിലക്കല്‍ പമ്പ സര്‍വ്വീസ് നടത്തുന്നത്. ലോ ഫ്ലോര്‍, എസി ബസ്സുകളിലും ആനുപാതികമായി നിരക്ക് കെഎസ്ആര്‍ടിസി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രളയം ചൂണ്ടികാട്ടി സന്നിധാനത്തെ കച്ചവടക്കാര്‍ അമിത വില ഈടാക്കിയാല്‍ നടപടി ഉണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.