കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. ഫ്രാങ്കോ മുളയ്ക്കല്‍ 19ന് കേരളത്തിലെത്തുമെന്ന് ജലന്ധര്‍ പോലീസ് അന്വേഷണ സംഘത്തെ അറിയിച്ചു.
അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയശേഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ആലോചിക്കുന്നുവെന്നാണ് സൂചന. ബിഷപ്പുമായി ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ കൊച്ചിയിലെയും ജലന്ധറിലെയും അഭിഭാഷകരുമായി കൂടിയാലോചന നടത്തി.
മുന്‍കൂര്‍ ജാമ്യം തേടാതെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുന്നത് അപകടമാണെന്നാണ് ബിഷപ്പിന് കിട്ടിയ നിയമോപദേശം. വരുന്ന ബുധനാഴ്ച ചോദ്യം ചെയ്യലിനായി വൈക്കം ഡിവൈ എസ് പി ഓഫീസില്‍ ഹാജരാകാനാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നല്‍കിയത്.
പറഞ്ഞ സമയത്തുതന്നെ ഹാജരാകുമെന്നും തന്നെ അറസ്റ്റു ചെയ്യില്ലെന്നുമായിരുന്നു അടുപ്പക്കാരോട് ബിഷപ് പറഞ്ഞിരുന്നത്. എന്നാല്‍ ബിഷപ്പുമായും ജലന്ധര്‍ രൂപതുമായും ബന്ധപ്പെട്ട ചിലരാണ് കൊച്ചിയിലെയും ജലന്ധറിലെയും മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയത്.
ഒരു മുഴം മുമ്പേയെറിയാതെ ചോദ്യം ചെയ്യലിന് പോകരുതെന്നാണ് ഇവര്‍ നല്കിയ നിയമോപദേശം. ഇപ്പോഴത്തെ നിലയില്‍ ചോദ്യം ചെയ്യലിനായെത്തുന്ന ബിഷപ്പിനെ അറസ്റ്റുചെയ്യാതെ വിട്ടയച്ചാല്‍ അത് പോലീസിനും സര്‍ക്കാരിനും സമ്മര്‍ദ്ദമുണ്ടാക്കും. പ്രത്യേകിച്ചും ഹൈക്കോടതിക്കുമുന്നില്‍ കന്യാസ്ത്രീകള്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ മുന്‍കൂട്ടി കാണണമെന്നാണ് അഭിഭാഷകര്‍ നല്കിയ നിയമോപദേശം.